Home » ഇൻ ഫോക്കസ് » ‘മടുത്തു, നിങ്ങളുടെ ആണത്തജനാധിപത്യം’: ഒരു വോട്ടറുടെ മാനിഫെസ്റ്റോ

‘മടുത്തു, നിങ്ങളുടെ ആണത്തജനാധിപത്യം’: ഒരു വോട്ടറുടെ മാനിഫെസ്റ്റോ

രാജേഷ് കിഴിശ്ശേരി

 

ന്റെ വോട്ട് സുന്ദരിക്കുള്ളതാണ്.

അവിടെ പാർട്ടി, ആശയം, പ്രസ്ഥാനം ഇതൊന്നും നോക്കില്ല. സൗന്ദര്യം മാത്രമേ ഗണിക്കപ്പെടൂ.

പുരുഷൻമാർക്കാർക്കും ഞാൻ വോട്ടു ചെയ്യില്ല,
കാരണം മറ്റൊരു പുരുഷനെ എനിക്കംഗീകരിക്കാനോ ഇഷ്ടപ്പെടാനോ ആവില്ല തന്നെ!

ദേവനെ വിളിക്കാതെ ദേവീ എന്നാണ് ഞാൻ പ്രാർത്ഥനയിൽ പോലും വിളിക്കാറുള്ളത്. അത്രമേൽ പുരുഷ വിദ്വേഷമാണെനിക്ക്.

യൂ നോ, ആം എ ഫെമിനിസ്റ്റ്.

സൗന്ദര്യശാസ്ത്രത്തിലാണെൻ വിശ്വാസം.

സൗന്ദര്യത്തെ, റൊമാൻസിനെ പ്രകീർത്തിക്കുന്ന പാർട്ടിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ വോട്ടു ചോദിക്കാൻ വന്നോളൂ. പുരുഷന്റെ കായിക പ്രകടനങ്ങൾ, അടി, നായാട്ട്, വെട്ട് ഇത് നടത്തുന്ന മസ്കുലിൻ പാർട്ടിക്കാരാരും എന്നോട് വോട്ടഭ്യർത്ഥിക്കരുത്.

കാര്യം, ഞാനൊരു ലോലഹൃദയനാണ്.

നിങ്ങളുടെ വമ്പത്തരവും, അഡ്രിനാലിന്റെയും, ടെസ്റ്റോസ്ട്രോണിന്റെയും അതിപ്രസരമൊന്നും എന്റെ ഹൃദയത്തിന് താങ്ങാനാവില്ല. നിങ്ങളുടെ ഭരണത്തിൽ ഞാൻ ഹൃദയം പൊട്ടി മരിച്ചുപോകും.

ആയതിനാൽ സുന്ദരിമാരുടെ ഭരണമാണ്, അവരുണ്ടാക്കുന്ന പൂ പോലുള്ള, സുഗന്ധവാഹിയായ നിയമങ്ങളാണ് ഞാനാഗ്രഹിക്കുന്നത്.

അവരുടെ നനുനനുത്ത മെയ്, കവിളുകൾ, വിടർന്ന കണ്ണുകൾ, ചെറിയ അധരങ്ങൾ, ഒതുങ്ങിയ ശരീരം, മൃദുവായ സംസാരം, സ്നേഹം, പ്രണയം – അതാണ് എനിക്ക് വേണ്ടത്.

സുന്ദരിമാരാൽ ഭരിക്കപ്പെടുന്ന സുന്ദരവും ശാന്തവുമായ റിപ്പബ്ലിക്കാണ് ഞാനാഗ്രഹിക്കുന്നത്.

യുദ്ധമില്ലാതെ, വെട്ടും കുത്തും ആയുധങ്ങളും ബോംബുകളുമില്ലാത്ത,
മസ്കുലിൻ പ്രകടനങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രൈണ റിപ്പബ്ലിക്.

അവിടെ കലകളും നൃത്തവും പാട്ടും പ്രണയവും പൂത്തുലയുമ്പോൾ മാത്രമേ
എനിക്ക് സമാധാനമായി കുഞ്ഞുങ്ങൾ വിരിയുന്ന പൂന്തോട്ടങ്ങൾ സ്വപ്നം കാണാനാകൂ.

അവരുടെ കൊഞ്ചലിൽ എനിക്കൊന്നു തല ചായ്ക്കണം.

മടുത്തു, നിങ്ങളുടെ ഈ മസ്കുലിൻ റിപ്പബ്ലിക്.

Leave a Reply