Home » കളിക്കളം » നാല് ഗോള്‍ പോസ്റ്റുമായി ഫുട്ബോള്‍ മത്സരം;ഇത് മലപ്പുറം സ്റ്റൈല്‍

നാല് ഗോള്‍ പോസ്റ്റുമായി ഫുട്ബോള്‍ മത്സരം;ഇത് മലപ്പുറം സ്റ്റൈല്‍

മൈതാനത്തിന്‍റെ നാല് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന നാല് ഗോള്‍ പോസ്റ്റുകള്‍. 12 കളിക്കാര്‍ കാണികള്‍ക്കാവേശമായി പോസ്റ്റ് നിറയുന്ന ഗോളുകള്‍. ഇതായിരിക്കും ഇന്ന് വൈകീട്ട് മലപ്പുറത്ത് നടക്കുന്ന വ്യത്യസ്തമായ ഫുട്ബോള്‍ മത്സരം.

4 ഗോൾ പോസ്റ്റുകളും ഒരു ടീമില്‍ 6 കളിക്കാരും ഉള്‍പ്പെടുന്ന പുതിയതരം ഫുട്ബോളുമായി മലപ്പുറത്തെ ജനകീയ ഫുട്ബോള്‍ കമ്മിറ്റി. വണ്ടൂരിലെ 6 ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ജനകീയ ഫുട്ബോള്‍ കമ്മിറ്റി തന്നെയാണ് വ്യത്യസ്തമായ ഈ ഫുട്ബോളിനു രൂപം നൽകിയത്.

50 മീറ്റര്‍ വീതിയുള്ള ഗ്രൗണ്ടിലാണ് കളി നടക്കുന്നത്. ഓരോ ടീമിനും രണ്ട് ഗോള്‍ പോസ്റ്റുകള്‍ ഉണ്ടായിരിക്കും. ഓരോ ടീമിനും 2 ഗോള്‍ കീപ്പേഴ്സും 6 കളിക്കാരുമാണ് ഉണ്ടാവുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫുട്ബോള്‍ മാച്ച് 2 റഫറിമാരുടെ നിയന്ത്രണത്തിലായിരിക്കും. ബോള്‍ ഗ്രൗണ്ടിന് പുറത്ത് പോയാല്‍ ‘ത്രോ ഇനി’ന് പകരം കോര്‍ണര്‍ കിക്ക്സിലൂടെ കളി പുനരാരംഭിക്കും.

ഫുട്ബോളിലെ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായ നിയമങ്ങളാണ് ‘4 ഗോള്‍പോസ്റ്റ്’ ഫുട്ബോളിനുള്ളത്. ഇശാഖ് പോരൂരാണ് കളിയുടെ നിയമങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഫുട്ബോള്‍ ആരാധകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ജില്ലയിലെ വിവിധ ഫുട്ബോള്‍ ക്ലബുകള്‍ ഇത്തരത്തിലുള്ള ഫുട്ബോള്‍ സംഘടിപ്പിക്കാനുള്ള സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇശാഖ് പറഞ്ഞു.

ആദ്യ മാച്ച് ഇന്ന് രാത്രി 8മണിക്ക് കോട്ടക്കുന്ന് ഗ്രൗണ്ടില്‍ നടക്കും. പുതിയ തരത്തിലുള്ള ഫുട്ബോള്‍ മാച്ച് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

Leave a Reply