Home » നമ്മുടെ കോഴിക്കോട് » ബജറ്റ്; കോഴിക്കോട് ജില്ലയെ അവഗണിച്ചു

ബജറ്റ്; കോഴിക്കോട് ജില്ലയെ അവഗണിച്ചു

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായി സിപിഐഎം സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. മുമ്പ് പ്രസ്താവിച്ച ചുരുക്കം ചില പദ്ധതികളല്ലാതെ ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് സിപിഎം ആരോപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

മോഹനന്‍ മാഷിന്‍റെ ഫെയ്സ് ബുക്ക് പോസ്സറ്റ് ഇങ്ങനെ,

ജില്ലയെ അവഗണിച്ചു: സിപിഐ എം

പുതിയ സംസ്ഥാന ബജറ്റില്‍ ജില്ലയോട് കടുത്ത അവഗണനയാണ് കാണിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുന്‍ കാലത്ത് പ്രഖ്യാപിച്ച വെള്ളിമാടുകുന്ന്– മാനാഞ്ചിറ റോഡുപോലുള്ള നാമമാത്ര പദ്ധതികള്‍ മാത്രമാണ് ബജറ്റില്‍ നിര്‍ദേശമായി അവതരിപ്പിച്ചത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വ്യവസായ സംരംഭങ്ങളെ സംബന്ധിച്ചും ജില്ലയിലെ പശ്ചാത്തല വികസന സംരംഭത്തെക്കുറിച്ചും സമഗ്രമായ നിര്‍ദേശങ്ങളോ വകയിരുത്തലുകളോ ബജറ്റില്‍ ഇല്ല.

പിപിപി അടിസ്ഥാനത്തില്‍ മാവൂരില്‍ വ്യവസായം വികസിപ്പിക്കുമെന്ന പൊതു പ്രസ്താവനയല്ലാതെ സമൂര്‍ത്തമായ ഒരു പദ്ധതിയും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നാളികേരാധിഷ്ഠിത വ്യവസായം ലക്ഷ്യംവെച്ച് കുറ്റ്യാടിയില്‍ മുന്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് തുടക്കമിട്ട സംരംഭം പോലും ഫലപ്രദമായി നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റിലില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഫ്ളൈ ഓവറുകള്‍ക്കു വേണ്ടിയുള്ള മുറവിളിയും സര്‍ക്കാര്‍ അവഗണിച്ചു.നേരത്തെ പ്രഖ്യാപിച്ചതല്ലാതെ ഫ്ളൈ ഓവറുകള്‍ സംബന്ധിച്ച പുതിയ ഒരു നിര്‍ദേശവും ഇല്ല.

പൊന്നാനി –വെങ്ങളം തീരദേശ പാതക്ക് ബജറ്റില്‍ തുക നീക്കിവയ്ക്കുന്നതിന് തയ്യാറായില്ല. നേരത്തേ മുതല്‍ നിര്‍ദേശിക്കപ്പെട്ട റോഡ് വികസനം, ബൈപാസ് നിര്‍മാണം, കുറ്റ്യാടി പുഴയ്ക്കു കുറുകെ പാലയാട്–ഇരിങ്ങല്‍ പാലം തുടങ്ങിയവയെക്കുറിച്ചെല്ലാം മൌനം പാലിച്ചു. മെഡിക്കല്‍ കോളേജിന്റെയും ജില്ലാ ആശുപത്രികളുടെയും അടിസ്ഥാന സൌകര്യ വികസനത്തിന് ആവശ്യമായ തുക വകയിരുത്താന്‍ ഗവണ്‍മെന്റ് തയ്യാറായില്ല.

Leave a Reply