Home » നമ്മുടെ കോഴിക്കോട് » തുഷാരഗിരിയില്‍ ഡിടിപിസിയുടെ ടൂറിസ്റ്റ് കോട്ടേജുകള്‍ തയ്യാര്‍

തുഷാരഗിരിയില്‍ ഡിടിപിസിയുടെ ടൂറിസ്റ്റ് കോട്ടേജുകള്‍ തയ്യാര്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തുഷാരഗിരിയില്‍ നിര്‍മ്മിച്ച ടൂറിസ്റ്റ് കോട്ടേജുകള്‍, റെസ്‌റ്റോറന്റ്, ഡോര്‍മിറ്ററി എന്നിവ ഉദ്ഘാടനത്തിന് തയ്യാറായി. ആധുനിക സൗകര്യങ്ങളോടു കൂടി നാലു മുറികളുള്ള ടൂറിസ്റ്റ് കോട്ടേജുകളാണ് പണിപൂര്‍ത്തിയായത്. അതോടൊപ്പം തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ മുറ്റം ടൈല്‍സ് പാകി മനോഹരമാക്കി. സന്ദര്‍ശകര്‍ക്ക് കാസ്റ്റ് അയേണിന്റെ ഇരിപ്പിടങ്ങളും, പുഴയരികില്‍ സുരക്ഷാ വേലിയും സ്ഥാപിച്ചു. കെട്ടിടത്തിന്റെ തൂണുകളില്‍ മ്യൂറല്‍ പെയിന്റിംഗ് നടത്തി മനോഹരമാക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ കോംപൗണ്ടില്‍ വൈദ്യുതി വിളക്കുകളും സ്ഥാപിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധ സമരകാലത്ത് തല്ലിത്തകര്‍ത്ത കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും നടത്തി. സംസ്ഥാന ടൂറിസം വകുപ്പ് 59 ലക്ഷം രൂപ ചെലവഴിച്ചാണ് തുഷാരഗിരിയില്‍ ഡിടിപിസിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ മോടികൂട്ടുകയും വിവധ കെട്ടിടങ്ങളുടെ നിര്‍മ്മാണ പൂര്‍ത്തികരിക്കുകയും ചെയ്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം ഈ മാസം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.

Leave a Reply