Home » നമ്മുടെ കോഴിക്കോട് » ഐഐഎമ്മിലും ഐഎസ്ആര്‍ഒ പവലിയന്‍ കാണികള്‍ക്ക് വിസ്മയമാകുന്നു

ഐഐഎമ്മിലും ഐഎസ്ആര്‍ഒ പവലിയന്‍ കാണികള്‍ക്ക് വിസ്മയമാകുന്നു

റോക്കറ്റുകള്‍കൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തില്‍ ഒഴിച്ചു നിര്‍ത്താനാവാത്ത പങ്കാണ് ഐഎസ്ആര്‍ഒയുടേത്. അതുകൊണ്ട് തന്നെയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആര്‍ഒയുടെ പങ്കും അത് സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റവും വ്യക്തമാക്കിയുള്ള സ്ഥിരം പ്രദര്‍ശനവേദി ഐഐഎമ്മില്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യ വിക്ഷേപിച്ച എസ്എല്‍വി3, എസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി തുടങ്ങിയ ഉപഗ്രഹങ്ങളുടെ മാതൃകകളും ഇവ ഏതുരീതിയില്‍ രാജ്യം പ്രയോജനപ്പെടുത്തിയെന്നും ഐഎസ്‌ഐഒയുടെ പവലിയനില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബഹിരാകാശ ഗവേഷണംകൊണ്ട് സാധാരണക്കാരനുണ്ടായ നേട്ടങ്ങള്‍ വ്യക്തമാകുന്ന രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. എടിഎം വഴി പണമിടപാട് നടക്കുന്നതില്‍, ഐആര്‍സിടിസി വഴി തീവണ്ടി ടിക്കറ്റ് ബുക്കു ചെയ്യുന്നതില്‍, ടെലിമാര്‍ക്കറ്റ്, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ടെലി മെഡിസിന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പങ്കും അതിന്റെ പ്രവര്‍ത്തനരീതിയില്‍ ഇവിടെ വിവരിക്കുന്നു. 2030ല്‍ പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ ഒ ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയും വിവരിക്കുന്നുണ്ട്.
ജിഎസ്എല്‍വി- എംകെ മൂന്ന്, മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ വാഹനം, ചന്ദ്രയാന്‍-രണ്ട് തുടങ്ങിയവയുടെ വിശദാംശങ്ങളും 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പവലിയനിലുണ്ട്. ഇതിനുപുറമെ 1963ല്‍ ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചതുമുതല്‍ ഇതുവരെയുള്ള ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന തിയറ്റേറും ഉണ്ട്. ശാസ്ത്ര, സാങ്കേതിക നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ വിവരം നല്‍കാനും വേണ്ടിയാണ് ഇത്തരം പവലിയന്‍ തുടങ്ങുന്നതെന്ന് വിഎസ്എസ്സി ഡയറക്ടര്‍ ഡോ കെ ശിവന്‍ പറഞ്ഞു.

Leave a Reply