Home » സാമൂഹികം » കേരളത്തില്‍ നാഥനില്ലാതെ 289 ഗജവീരന്മാര്‍

കേരളത്തില്‍ നാഥനില്ലാതെ 289 ഗജവീരന്മാര്‍

കേരളത്തിലെ ഉത്സവ പറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലും മറ്റുമായി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മിക്ക ഗജവീരന്മാരും അനാഥരാണെന്ന് കേട്ടാല്‍ അമ്പരക്കരുത്. അതാണ് സത്യം. കേരളത്തിലെ മൊത്തം ആനകളില്‍ 289 ആനകള്‍ ഉടമസ്ഥരില്ലാതെ അനാഥരാണെന്നാണ് കണക്കുകള്‍ പറയുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പകുതിയോളം ആനകളും കള്ളക്കടത്തുവഴിയാണ് കേരളത്തിലേക്കെത്തുന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം ആനകള്‍ക്ക് മതിയായ രേഖകളുമില്ല.
നാഥനില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന ഈ 289 ആനകളും കള്ളക്കടത്തു വഴിയാണ് കേരളത്തിലെത്തിയതെന്ന് വ്യക്തം. അന്യ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ആനകളെ എത്തിക്കരുതെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. അടുത്തിടെ നടന്ന ആനകളുടെ കണക്കെടുപ്പ് പ്രകാരം 289 ആനകള്‍ക്ക് ഉടമസ്ഥവകാശമോ കൃത്യമായ രേഖകളോ ഇല്ലെന്ന് മൃഗക്ഷേമ ബോര്‍ഡ് ചൂണ്ടിക്കാട്ടിയാണ്. ആകെ 599 നാട്ടാനകളില്‍ 289 ആനകള്‍ക്കും അവകാശിയും രേഖയുമില്ലെന്ന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഉടമസ്ഥവകാശികളുള്ള ആനകളുടെ തലയെണ്ണല്‍ കഴിഞ്ഞതായി അറിയിക്കുകയും ദേവസ്വത്തിന് കീഴിലുള്ള ആനകളുടെ രജിസ്‌ട്രേഷന് കൂടുതല്‍ സമയം അനുവദിക്കണമെന്നും കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ജസ്റ്റിസ് മിശ്ര, പ്രഫുല്ല സി പാണ്ഡ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിനു മുന്നില്‍ മൃഗക്ഷേമ ബോര്‍ഡ് പരാതി സമര്‍പ്പിക്കുകയും ചെയ്തു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഏതെങ്കിലും മൃഗങ്ങളെ കസ്റ്റഡിയില്‍ വെച്ചിട്ടുള്ളവര്‍ അതിന്റെ വിവരങ്ങള്‍ കൃത്യമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിക്കുകയും മൃഗങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വാര്‍ഡന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണ്. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റില്ലാത്ത 289 ആനകള്‍ നിലവിലുണ്ടെന്ന് മൃഗക്ഷേമ ബോര്‍ഡ് വ്യക്തമാക്കുന്നു.

Leave a Reply