പുതുപ്പാടുക്കടുത്ത് മൈലെള്ളാംപാറ അത്തിക്കോട് വനത്തില്‍ കരിങ്കുരങ്ങുകളെ വേട്ടയാടിയ സംഘത്തിലെ തലവന്‍ വനപാലകരുടെ മുന്‍പാകെ കീഴടങ്ങി. പുതുപ്പാടി മൈലെള്ളാംപാറ കല്ലംകാവുങ്കല് ജയിംസ് മാത്യു എന്ന ജയ്സണ്‍ ആണ് കീഴടങ്ങിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.വനത്തില്‍ നിന്നു ലഭിച്ച ഒരു തോക്കും മുപ്പത് തിരകളും ജയ്സന്റെതായിരുന്നു. തിര മംഗലാപുരത്തു നിന്നാണ് സംഘടിപ്പിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഒന്‍പതംഗ നായാട്ട് സംഘത്തിലെ മറ്റൊരു പ്രതി മൈലെള്ളാംപാറ ശാശ്ശേരിയില്‍ ചൊവ്വാഴ്ച വനപാലകരുടെ മുന്‍പാകെ കീഴടങ്ങിയിരുന്നു. കോടതി റിമാന്റ് ചെയ്ത ഇയാളെ ജയിലിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിസംബര്‍ 29ന് പുലര്‍ച്ചെയാണ് വനത്തില്‍ നിന്നും നായാട്ട് കഴിഞ്ഞു വരുന്നവഴി നായാട്ടു സംഘത്തിലെ നിധീഷ് എന്നയാള്‍ പിടിയിലാവുന്നത്. നായാട്ടു സംഘത്തിലെ ബാക്കി എട്ടുപേര്‍ വനത്തിലൂടെ ചിതറിയോടി രക്ഷപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 26ന് കാടുകയറിയ നായാട്ടു സംഘം അഞ്ച് കരിങ്കുരങ്ങുകളെ വേട്ടായാടി കൊന്നിരുന്നു. പ്രധാന പ്രതിയായ ജയ്സണ്‍ മൂന്ന് കരിങ്കുരങ്ങുകളെയും വര്‍ഗ്ഗീസ് രണ്ടെണ്ണത്തിനെയും വെടിവച്ച് വീഴ്ത്തിയാതായി ഫോറസ്റ്റ് അധികൃതര്‍ പറയുന്നു. കരിങ്കുരങ്ങ് രസായനം നിര്‍മ്മിക്കുന്ന സംഘവുമായി ബന്ധപ്പെട്ടാണ് വേട്ടയെന്നാണ് സൂചന.