എം.മുകുന്ദനൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കും ജീവന് നല്‍കിയിരിക്കുകയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാകുന്ന ‘ബോംഴൂര്‍ മയ്യഴി’ എന്ന ഹ്രസ്വസിനിമ. അക്ഷരങ്ങളിലൂടെ കഥാപാത്രങ്ങളെ വായനക്കാരന് സമ്മാനിച്ച വിഖ്യാതമായ ഈ നോവല്‍ അഭിനയത്തിന്റെ ദൃശ്യവിരുന്നൊരുക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 27 മിനുട്ട് ദൈര്‍ഘ്യം വരുന്ന ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് മുകുന്ദന്റെ തട്ടകമായ മാഹിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ മുകുന്ദന്റെ പല നോവലുകളിലെയും കഥാപാത്രങ്ങള്‍ നോവലിസ്റ്റിനോട് നേരിട്ട് സംവദിക്കുകയായിരുന്നു ബോംഴൂര്‍ മയ്യഴിയില്‍. മയ്യഴിയിലെ ദാസനും ചന്ദ്രികക്കും പുറമെ മാഹിപള്ളിയും പാലവും കടലുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളാണ്.
പുരാണങ്ങളോടൊപ്പം മയ്യഴിയുടെ ചരിത്രാംശങ്ങള്ക്കൂടി കാണിച്ചാണ് മാധ്യമപ്രവര്‍ത്തകനായ ഇ എം അഷറഫ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന് പെരുമ്പടവം ശ്രീധരന്റെ മകന് ശ്രീകുമാര്‍ പെരുമ്പടവമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗായിക സയനോരയുടെതാണ് ഹമ്മിങ്. സയനോരയുടെ പിതാവ് ഫെര്‍ണാണ്ടസാണ് സംഗീത സംവിധാനം.
കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ത്രസിപ്പിച്ച മുകുന്ദന് മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക് ദൃശ്യാവിഷ്കാരവും പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്നു.