കല്ലായിപ്പുഴയുടെ ശോചനീയാവസ്ഥയില്‍ നിന്നും പുഴയെ രക്ഷിക്കാനായി തയ്യാറാക്കിയ 4.90 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കാന്‍ അംഗീകാരമായി. ഇതിനുള്ള അനുമതി റവന്യൂ വിഭാഗം ഇറിഗേഷന്‍ വിഭാഗത്തിന് നല്‍കുകയും ചീഫ് സെക്രട്ടറി, മരാമത്ത് സെക്രട്ടറി ഉള്‍പ്പെട്ട യോഗത്തില്‍ തീരുമാനമാവുകയും കരാര്‍ അംഗീകരിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവൃത്തി 29ന് മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
പുഴയുടെ ഒഴുക്ക് നിലച്ചും, ദുര്‍ഗന്ധം പരത്തുന്നതുമായ അന്തരീക്ഷമാണ് ഇന്ന് കല്ലായിപ്പുഴയുടെത്. കല്ലായിപ്പുഴയെ സംരക്ഷിക്കാനായി നിരവധി പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും കല്ലായിപ്പുഴക്ക് ജീവനേകാനായില്ല. പുഴയുടെ ശോചനീയാവസ്ഥ ഇന്നും തുടരുകയാണ്. പുഴയിലെ ചെളിയെടുത്ത് ആഴം കൂട്ടി പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കാനായി 2011ല്‍ മൂന്നു കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. കരാര്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ 2013-ല്‍ എസ്റ്റിമേറ്റ് പുതുക്കി 4.10 കോടി രൂപയിലെത്തി. ഇതു പ്രകാരം കരാര്‍ ക്ഷണിച്ചെങ്കിലും 80 ലക്ഷം രൂപ അധികത്തിനാണ് രേഖപ്പെടുത്തിയത്. റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നായിരുന്നു പ്രവൃത്തിക്കായി 4.10 കോടി രൂപ വകവരുത്തിയത്. റവന്യൂ വിഭാഗത്തിലാണ് ഫണ്ട് വരുന്നത്. പ്രവൃത്തി നടത്തുന്നത് ഇറിഗേഷന്‍ വിഭാഗവും.
മന്ത്രി മുനീര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ്, മന്ത്രി എം കെ മുനീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന യോഗത്തിലാണ് 4.90 കോടി രൂപ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അധികമായി വന്ന 80 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന ആവശ്യവുമായി ഇറിഗേഷന്‍ വിഭാഗം റവന്യൂ വിഭാഗത്തിന് കത്ത് നല്‍കുകയും എന്നാല്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടെല്ലാം തീര്‍ന്നതിനാല്‍ പ്രവൃത്തിക്കാവശ്യമായ തുക പൂര്‍ണ്ണമായും ഇറിഗേഷന്‍ വിഭാഗം തന്നെ വഹിക്കേണ്ടതാണെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നത്.