ആളുകള്‍ക്ക് ഫുട്ബോളിനോടുള്ള പ്രണയം യൂറോപ്പിലായാലും ഇങ്ങ് കോഴിക്കോടായാലും ഒരുപോലെയാണെന്ന് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാനെത്തിയ താരങ്ങള്‍ ഒരുപോലെ സമ്മതിക്കും. ഒരുമാസം നീണ്ടു നിന്ന നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് നല്കിയ പിന്തുണ അത്രയും വലുതായിരുന്നു. 21 വര്‍ഷത്തെ അന്തരം ഇല്ലാതാവാന്‍ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ലെന്ന് നാഗ്ജിയുടെ സംഘാടകരും ആവര്‍ത്തിക്കുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷം നാഗ്ജിയ്ക്കു വേണ്ടി പന്തുരുണ്ടപ്പോള്‍ കപ്പ് നേടാനായ നിപ്രോയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. കരുത്തുറ്റ പ്രതിരോധവും തന്ത്രപരമായ ആക്രമണവും പഴുതടച്ച ഗോള്ക്കീപ്പിങ്ങും കാഴ്ചവച്ച യുക്രൈന് ടീം കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകരുടെ മനസും കീഴടക്കിയാണ് തിരിച്ച് പോകുന്നത്.
നാല്പതിനായിരത്തിലധികം കാണികളാണ് ഇന്നലെ കളികാണാനായി കോര്പ്പറേഷന് സ്റ്റേഡിയത്തിലെത്തിയത്. ബ്രസീലും യുക്രൈനും നേര്‍ക്കുനേരെ മത്സരിക്കുമ്പോള്‍ ബ്രസീല്‍ ആരാധകരെ നേരിടാന്‍ ബ്രസീല്‍ വിരുദ്ധര്‍ യുക്രൈന് പക്ഷത്ത് നിലകൊണ്ടു. യുക്രൈന് ടീമായാ നിപ്രോ പൊരുതി മുന്നേറിയപ്പോള്‍ ബ്രസീല്‍ ആരാധകരും മറുകണ്ടം ചാടുന്ന കാഴ്ചയായിരുന്നു പിന്നീട്. അര്ജന്റീനനയില് നിന്നുള്ള അണ്ടര്‍ 23 ടീം ടൂര്‍ണമെന്റിലെ എല്ലാ കളികളും തോറ്റതിന്റെ നിരാശ്ശയിലായിരുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ബ്രസീലിന്റെ ഫൈനല്‍ തോല്‍വി ഒരു വിധത്തില്‍ ആശ്വാസമായെന്ന് പറയാം. സമാപനചടങ്ങില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ജേതാക്കള്‍ക്ക് 20ലക്ഷം രൂപ സമ്മാനവും നല്കി. ബ്രസീലിന് 10 ലക്ഷം രൂപയും ലഭിച്ചു.