കോഴിക്കോടിന്റെ റോഡ് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും ഒഴിച്ചു നിര്‍ത്താനാവാത്ത ആവശ്യമാണ് മാനാഞ്ചിറ വെള്ളിമാടു കുന്ന് റോഡ് വികസനം. നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി വരെ രൂപീകരിച്ച് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി.
അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ട് മാത്രം ഫയലില്‍ ഉറങ്ങിപ്പോയ വികസന പദ്ധതിയാണ് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം. തുടക്കം മുതല്ക്കു തന്നെ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നാലുവര്‍ഷം മുമ്പ് അക്വിസിഷന്‍ സംബന്ധിച്ച മൂന്നുനാല് ഫയലുകള്‍ കളക്ടറേറ്റില്‍ നിന്ന് കാണാതാവുകയും ചെയ്തു. ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കിയതോടെ ഫയല്‍ പ്രത്യക്ഷപ്പെട്ടു. റോഡു വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മൂന്നു തവണ ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുകയും ചെയ്തു. രണ്ടു തവണ കലക്ട്രേറ്റിനു മുന്നിലും ഒരു തവണ കിഴക്കെ നടക്കാവ് ജംഗ്ഷനിലുമായിരുന്നു സമരം. അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പലപ്പോഴായി സമരം അവസാനിപ്പിച്ചതും. പദ്ധതി ഡിനോവ ആകാതിരിക്കാന്‍ 2015 മാര്‍ച്ച് 31നു മുമ്പായി 25 കോടി രൂപ അനുവദിച്ച് മലാപ്പറമ്പ് ഭാഗത്ത് സ്ഥലം ഏറ്റെടുത്തിരുന്നു. അതോടെ നോട്ടിഫിക്കേഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചില ഭൂവുടമകള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അനുവാദം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞ ജൂണ്‍ 14ന് നഗരപാതാ വികസന പദ്ധതിയുടെ ടെന്‍ഡര്‍ രേഖ കൈമാറുന്ന ചടങ്ങില്‍ ഈ റോഡിന്റെ വികസനത്തിനായി 412 കോടി രൂപ നീക്കിവയ്ക്കുമെന്ന് മരാമത്തുമന്ത്രി പറഞ്ഞിരുന്നു. പ്രാരംഭ നടപടികള്‍ക്കായി 100 കോടി അനുവദിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഫ്ലാഗ് ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബജറ്റ് പ്രഖ്യാപനവും വന്നു. ബജറ്റില്‍ മുഴുവന്‍ തുകയും വകയിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി ഒതുങ്ങിയപ്പോള്‍ റോഡു വികസനം കടലാസിലും ഒതുങ്ങി. നഗരപാതാ വികസനപദ്ധതിയിലെ രണ്ടാം റോഡായി ഉള്‍പ്പെടുത്തിയിരുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് എങ്ങനെ തഴയപ്പെട്ടു എന്ന് ഭരണാധികാരികള്‍ക്ക് പോലും ഉത്തരം നല്കാനാവാത്ത ചോദ്യമാണ്. നടപടികള്‍ ആരംഭിച്ച് സര്‍വ്വേ ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് മുന്‍ഗണന പട്ടികയില്‍ നിന്ന് റോഡ് പിന്നാക്കം പോയത്.
മലാപ്പറമ്പ് ജംഗ്ഷന് വിപുലീകരണത്തിന് നല്കിയ 10 കോടിയും റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ ലഭിച്ച 25 കോടിയും ഇതിനുപുറമെ ലഭിച്ച നാലുകോടിയും ഉപയോഗിച്ചുള്ള നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ജനുവരി 16ന് ചേര്‍ന്ന അവലോകന യോഗത്തില്‍ നഗരപാതാ വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രി എം.കെ മുനീറും കലക്ടര്‍ എന്‍. പ്രശാന്തും ഉറപ്പു നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നത് മറ്റൊരു കാര്യം. ഫണ്ട് ലഭിക്കാത്തതാണ് വികസനത്തിന് തടസ്സം നില്്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ലൈറ്റ് മെട്രോ പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിക്കാമെന്നിരിക്കെ, മാനാഞ്ചിറ ഡി.ഡി.ഇ ഓഫീല് പരിസരം മുതല്‍ മാവൂര്‍ റോഡ് വരെ ഡയറക്ട് പര്‍ച്ചേയ്സ് വ്യവസ്ഥയില്‍ വിട്ടുകിട്ടാത്തതുള്പ്പടെയുള്ള സ്ഥലം ഇപ്പോല്‍ കളക്ടറുടെ അക്കൗണ്ടിലുള്ള ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള നീക്കവും നടക്കുന്നു.
പല തവണകളായി റോഡു വികസനത്തിന് ഗവണ്മെന്റ് 64 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ച് മലാപ്പറമ്പ് ജംഗ്ഷനിലെ 36 കടകള്‍ നില്ക്കുന്ന സ്ഥലം ഒഴിപ്പിച്ചതല്ലാതെ മറ്റൊന്നും നടന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. മലാപ്പറമ്പ് ജംഗ്ഷനില്‍ റോഡ് വീതികൂട്ടാനായി പത്തുകോടിരൂപ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആ പണം വിനിയോഗിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാനായി 25 കോടിരൂപയും അനുവദിച്ചു. അതും ഉപയോഗപ്പെടുത്തിയില്ല. റോഡിന് വീതികൂട്ടുമ്പോള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ മതില് കെട്ടി സംരക്ഷിക്കുന്നതിന് മറ്റൊരു നാലുകോടി രൂപയും അനുവദിച്ചു. എന്നാല്‍ അതും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഫലത്തില്‍ 39 കോടിരൂപ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ പേരില്‍ അധികൃതരുടെ കൈവശമിരിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് മറ്റു തടസ്സങ്ങളൊന്നുമില്ല. ആകെയുള്ള അഞ്ഞൂറിലേറെ ഭൂവുടമകളില്‍ 420 ലേറെപ്പേര്‍ രേഖാമൂലം സമ്മതപത്രം നല്കിക്കഴിഞ്ഞതാണ്. പണം നല്കിയാല് സ്ഥലം ഏറ്റെടുപ്പ് സുഖമമായി നടപ്പിലാക്കാനാവും.
ഗതാഗത തിരക്കുമൂലം ബുദ്ധിമുട്ടുന്ന ഈ റോഡില്‍ അപകടങ്ങളും സ്ഥിരമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ റോഡിലും അനുബന്ധ റോഡുകളിലുമായി വാഹനാപകടങ്ങളില്‍ 90ഓളം പേര് മരിക്കുകയും 700ല്‍പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.