ജീവിച്ചിരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനു കിട്ടുന്ന അവസരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉറുമി, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന് എന്നീ ചിത്രങ്ങള്‍ക്കുശേഷം വീണ്ടും യഥാര്‍ത്ഥ കഥകള്‍ പ്രമേയമാകുന്ന രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനാകുന്നു. ശങ്കറിന്റെ തിരക്കഥയില്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമിയിൽ കേന്ദ്ര കഥാപാത്രമായ ചിറയ്ക്കല്‍ കേളു നായരെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു.
വിമാനം
സ്വന്തമായി വിമാനം രൂപകല്പന ചെയ്യുകയും പറത്തുകയും ചെയ്ത തൊടുപുഴ സ്വദേശി സജി തോമസിന്‍െറ കഥ പറയുന്ന ചിത്രത്തിന് വിമാനം എന്നാണ് പേരിട്ടിരിക്കുന്നത്.
ജന്മനാ ബധിരനും മൂകനുമായ സജി തോമസിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. പുസ്തകങ്ങള്‍ നോക്കിപ്പഠിച്ചാണ് വിമാനം രൂപകല്പന ചെയ്തത്. എന്നാൽ ഈ സ്വപ്നം യാഥാർത്ഥ്യമാകാൻ നീണ്ട പതിനഞ്ച് വര്‍ഷത്തെ പരിശ്രമങ്ങൾ വേണ്ടി വന്നു. സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനപ്രയത്നം നടത്തുകയും വിമാനം നിര്‍മ്മിച്ച് പറത്തി ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത സജിയെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിൽ അവതരിപ്പിക്കുക.
ചിത്രത്തിന് മൂന്ന് വിമാനങ്ങൾ ആവശ്യമായി വരുന്നുണ്ട്. അവ മുന്നും നിർമ്മിക്കാനും സജിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യവിമാനം നിര്മ്മിക്കുന്നതിന്െറ ചെലവിലേക്കായി സജി തോമസിന് പൃഥ്വിരാജ് തുക കൈമാറുകയും ചെയ്തു.
നവാഗതനായ പ്രദീപ് എം നായര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം 2016ഓടെ ആരംഭിക്കും. ഒാഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ചിറക്കോട്ട് കാളി
വേണാട്ടില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ചിറക്കോട്ട് കാളി എന്ന ചരിത്ര കഥാപാത്രത്തെയും പൃഥ്വിരാജ് വെള്ളിത്തിരയിലെത്തിക്കും.
വേണാടിന്റെ സൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവന്റെ വിശ്വസ്തനായിരുന്നു കുഞ്ചിറക്കോട്ട് കാളി. പിറന്ന നാടിനു വേണ്ടി പോരാടി ജീവന് വെടിയുകയും വേണ്ടത്ര അറിയപ്പെടാതെ പോവുകയും ചെയ്ത വീരനാണ് കാളി.
സിനിമയുടെ സംവിധായകന് ആരെന്നതടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.