Home » ഇൻ ഫോക്കസ് » വരൂ…, കോഴിക്കോടിന്റെ ഗവിയിലേക്ക്

വരൂ…, കോഴിക്കോടിന്റെ ഗവിയിലേക്ക്

ഓര്‍ഡിനറി എന്ന സിനിമ റിലീസ് ചെയ്തതോടെ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ വിനോദ സഞ്ചാര സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം. കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമുള്ള ഗവിയിലേക്ക് യാത്രചെയ്യണം എന്ന് കേരളത്തിലെ സഞ്ചാര പ്രിയരൊക്കെ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകും. പത്തനംതിട്ടവരെ എത്തണമല്ലോ എന്നായിരിക്കും ഇക്കാര്യത്തില്‍ ചില മലബാറുകാരുടെ ആവലാതി. എന്നാല്‍ നമ്മുടെ കോഴിക്കോടിനും സ്വന്തമായൊരു ഗവിയുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അതെ കോഴിക്കോട്ടെ ഗവി എന്ന വയലട. ബാലുശ്ശേരിയില്‍ നിന്നും വയലടയിലേക്ക് കെ എസ് ആര്‍ ടി സി ബസ്സാണ് യാത്രക്കുള്ളത്. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി റബ്ബര്‍കാടുകളും കാട്ടരുവികളും നിറഞ്ഞുനില്‍ക്കുന്നു. ‘മുള്ളന്‍പാറ’ സ്ഥലത്തെ മറ്റൊരു കാഴ്ചയാണ്. നിറയെ മുള്ളുകള്‍ പതിച്ച പാറയുടെ മുകളിലെത്തിയാല്‍ കാഴ്ചയുടെ മറ്റൊരു ലോകം തുറന്നുകിടക്കുന്നുണ്ടവിടെ. കക്കയം ഡാമില്‍നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന
നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം
വിഷുവിന് പൂജനടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍പാറക്കു മുകളില്‍
നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ്‍ പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. ടൂറിസത്തിനേറെ സാധ്യതയുള്ള ഈ മേഖല ജനശ്രദ്ധപിടിച്ചുപറ്റുന്നതില്‍ അല്പം പുറകിലാണുള്ളത്. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര്‍  ഇവുടത്തെ സ്ഥിരം അതിഥികളാണ്.

Leave a Reply