Home » നമ്മുടെ കോഴിക്കോട് » എ പ്രദീപ് കുമാറിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

എ പ്രദീപ് കുമാറിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ എ പ്രദീപ് കുമാര്‍ എം എല്‍ എയെ  വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഒരുക്കിയ പ്രദര്‍ശനവും വികസന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു രഞ്ജിത്ത്. ഉള്‍ക്കാഴ്ചയും ദര്‍ശനവും ഉള്ളവരായിരിക്കണം പൊതുപ്രവര്‍ത്തകനെന്നും അത്തരമൊരു പൊതുപ്രവര്‍ത്തകനാണ് പ്രദീപ് കുമാര്‍ എം എല്‍ എ എന്നും അദ്ദേഹം പറഞ്ഞു. ഈ നിയോജക മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ പ്രദീപിനെ വിദ്യഭ്യാസമന്ത്രിയായി താന്‍ സങ്കല്‍പ്പിക്കയാണെന്നും പ്രദീപ് കുമാര്‍ വിദ്യഭ്യാസമന്ത്രിയായാല്‍ അതിന്‍റെ ഗുണം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ല‌ഭിക്കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 140 എം എല്‍ എമാരും തങ്ങളുടെ നിയോജകമണ്ഡലത്തിലേക്ക് തിരിച്ചുപോകുന്ന സമയാമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ തങ്ങളെ നിയമസഭയിലേക്കയച്ച ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചുപോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു. എ പ്രദീപ് കുമാറിനു അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഇവിടെ സഞ്ചരിക്കാനാകും. എന്നാല്‍ പല എം എല്‍ എമാര്‍ക്കും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണുള്ളതെന്നും രഞ്ജിത്ത് പറഞ്ഞു.

സര്‍ക്കാര്‍ സ്കൂളുകളും ആശുപത്രികളും മറ്റു പൊതു സ്ഥാപനങ്ങളും ഏറ്റവും മികവുറ്റതാക്കി മാറ്റുകയെന്ന വികസന പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടത്തിയതെന്നും  ഇത് ​​എല്ലാ നിയോജകമണ്ഡലത്തിലേക്കും വ്യാപിപ്പിച്ചുകൊണ്ട് സാധാരണക്കാര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്ന പുതിയൊരു വികസന സംസ്കാരം ഉണ്ടാകേണ്ടതുണ്ടെന്നും പ്രദീപി കുമാര്‍ എം എല്‍ എ പറഞ്ഞു.

Leave a Reply