മലബാറുകാര്‍ക്ക് സംഗീതമെന്നാല്‍ അത് മാപ്പിളപ്പാട്ടുംകൂടിയാണ്. മലയാളത്തെക്കാള്‍ നന്നായി അറബി മലയാളം സംസാരിക്കുന്ന മലബാറുകാര്‍ക്ക് മാപ്പിളപ്പാട്ടിനെ പ്രണയിക്കാതിരിക്കാനാവില്ല. ആ പ്രണയത്തിന് ഭാവവും താളവും രാഗവുമായി സംഗീത രംഗത്ത് 25 വര്‍ഷം പിന്നിടുകയാണ് മലബാറിന്റെ സ്വന്തം ഗായിക രഹന. മാപ്പിളപ്പാട്ടു രംഗത്ത് കര്‍ണാടക സംഗീത പഠിച്ചവരെ മഷിയിട്ടുനോക്കിയാല്‍ പോലും കിട്ടാത്ത കാലത്താണ് രഹന കടന്നുവരുന്നത്. സ്കൂള്‍, കോളജ് കാലത്ത് മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്ക് പങ്കെടുക്കുക പോലും ചെയ്തിട്ടില്ലാത്ത രഹന മാപ്പിളപ്പാട്ടിന്റെ വഴിയിലെത്തിയതും യാദൃശ്ചികം.
റേഡിയോയിലൂടെ പാട്ട് കേട്ടാണ് രഹന സംഗീതത്തോട് കൂട്ടുകൂടിയത്. ഗാനങ്ങള്‍ ഏറ്റുപാടാന്‍ തുടങ്ങിയത് ഉപ്പ ഷൗക്കത്തലിയും ഉമ്മ ജമീലയും ശ്രദ്ധിച്ചതോടെ സംഗീതലോകത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ടു. ഉപ്പ പാട്ട് പഠിച്ചില്ലെങ്കിലും നന്നായി പാടുമായിരുന്നുവെന്ന് രഹന പറയുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ജോലിക്കാരനായിരുന്ന ഷൗക്കത്തലിയ്ക്ക് സംഗീത സംവിധായകന് ബാബുരാജുമായി സൗഹൃദമുണ്ടായിരുന്നു. ഓളവും തീരവും എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്കൂടിയായിരുന്ന ഷൗക്കത്തലി മകളുടെ സംഗീതാഭിരുചി വളര്‍ത്തിയെടുത്തു. നിലമ്പൂരിലെ വീടിനടുത്തുള്ള സമാജത്തില്‍ ഒഴിവു ദിവസങ്ങളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം പാട്ടുപഠിക്കാന്‍ അങ്ങനെ പോയിത്തുടങ്ങി. അവിടെ വച്ച് സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ രഹന പഠിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രഹന പാട്ടു മത്സരങ്ങളില്‍ സജീവമായിരുന്നു. ഹൈസ്ക്കൂള് കാലത്ത് തുടര്‍ച്ചയായി മൂന്നു വര്‍ഷം ലളിതഗാനത്തില്‍ മലപ്പുറം ജില്ലയില്‍ ഒന്നാംസ്ഥാനം രഹനയ്ക്കായിരുന്നു. നിലമ്പൂരിലെ ഒരു ക്ലബ്ബിന്റെ പരിപാടിയില്‍ ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ ഒരു വിരുന്ന് എന്ന ഗാനമാണ് ആദ്യമായി പൊതുവേദിയില്‍ പാടിയത്. അന്ന് ശ്രോതാക്കളില്‍ നിന്നും ലഭിച്ച പ്രോത്സാഹനമാണ് സംഗീത ലോകത്ത് പിന്നിട്ട 25 വര്‍ഷങ്ങളിലെയും ഊര്‍ജമെന്ന് രഹന പറയുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സംഗീതത്തില്‍ ഉപരിപഠനമായിരുന്നു താത്പര്യം. വീട്ടുകാര്‍ക്കും അതിനോട് എതിര്‍പ്പില്ലായിരുന്നു. അതോടെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന കാലം കൂടിയായിരുന്നുവെങ്കിലും സംഗീതാധ്യാപികയാവാനായിരുന്നു താത്പര്യം. കോളജ് പഠനകാലത്ത് തന്നെ ഉണ്ണിമേനോനും കൃഷ്ണചന്ദ്രനുമൊപ്പം പാടി. അതേ കാലഘട്ടത്തില്‍ തന്നെ ആകാശവാണിയില്‍ പാട്ടുകള്‍ പാടുകയും ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു. രാഘവന്‍മാഷിനൊപ്പം ആകാശവാണിയില്‍ പാടാന്‍ സാധിച്ചത് അനുഗ്രമായി രഹന കരുതുന്നു. ആകാശവാണിയ്ക്ക് ശേഷം ദൂരദര്‍ശനിലും പരിപാടികള്‍ അവതരിപ്പിച്ചു. സ്കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ മാപ്പിളപ്പാട്ട് രംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് മാപ്പിളപ്പാട്ട് തന്റെ കരിയറിലെ പ്രധാന മേഖലയായി.
1996 ഒക്ടോബറില്‍ പാലക്കാട് സ്വദേശി നവാസ് അഹമ്മദ് രഹനയുടെ ജീവതപങ്കാളിയായി. നിലമ്പൂരിലെ ഫാത്തിമാ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകന് സോനുവുമാണ് രഹനയുടെ കുടുംബം. 1996ല്‍ അമര്‍ കാസറ്റസ് പുറത്തിറക്കിയ കിന്നാക്കളിലെ പൊന്നുസഖീ എന്ന ഗാനം രഹനയെ പ്രൊഫഷണല്‍ മാപ്പിളപ്പാട്ടില്‍ സജീവമാക്കി. പിന്നീട് സ്റ്റേജു ഷോകളില്‍ മാപ്പിളപ്പാട്ടിന്റെ മൊഞ്ചുമായി രഹന എത്തിതുടങ്ങി. പിന്നീടങ്ങോട്ട് നിരവധി മാപ്പിളപ്പാട്ട് കാസറ്റുകളില്‍ രഹനയുടെ ശബദ്ം ആസ്വാദകരിലേക്ക്. കൈരളി ടിവിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ രഹന വിധികര്‍ത്താവായി എത്തിയതോടെ സ്വീകരണ മുറികളിലും രഹന സ്ഥിര സാന്നിദ്ധ്യമായി. രണ്ട് സിനിമകലിലും രഹന പാടിയിട്ടുണ്ട്. പ്രണയനിലാവ് എന്ന ചിത്രത്തിലെ പൊന്നിട്ട പെട്ടകം പൂത്തില്ലേ എന്ന ഗാനവും ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ മണിയറയില്‍ പൊട്ടിച്ചിരി എന്ന ഗാനവും. സംഗീത സപര്യയുടെ 25ാം വാര്‍ഷികത്തില്‍ ഗാനഗന്ധര്വ്വന് യേശുദാസിനൊപ്പം അര്ജുനന് മാഷിന്റെ സംഗീതത്തില്‍ സിനിമയില്‍ വീണ്ടും പാടുന്നതിന്റെ സന്തോഷത്തിലാണ് രഹന.