കോഴിക്കോട്: കോഴിക്കോടു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ വിമാനക്കമ്പനികള്‍. കോഴിക്കോടുനിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്ദ്ധിപ്പച്ചാണ് പകല്‍ക്കൊള്ള. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിനെക്കാള്‍ മൂന്നിരട്ടി അധികമാണ് കോഴിക്കോടു നിന്നും ഈടാക്കുന്ന ടിക്കറ്റ് നിരക്ക്.
കോഴിക്കോട്ടു നിന്ന് അബുദാബിയിലേക്ക് ബുധനാഴ്ചത്തെ ടിക്കററിന് എയര്‍ ഇന്ത്യ 19,300 രൂപയാണ് ഈടാക്കിയത്. അതേസമയം കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് ഇതേ വിമാനക്കമ്പനി ഈടാക്കിയത് 6200 രൂപയും. തിരുവനന്തപുരത്തു നിന്ന് 11,500 രൂപയുമാണ്. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യയുടെ ബുധനാഴ്ചത്തെ ടിക്കറ്റിന് 9000 രൂപയാണ്. കൊച്ചിയില്‍ നിന്ന് 6000 രൂപയേയുള്ളൂ. ഒമാന്‍ എയറിന്റെ കോഴിക്കോട്-മസ്കറ്റ് ഫ്ളൈറ്റിന്റെ നിരക്ക് 31,200 രൂപയാണ്. ഇതേ വിമാനത്തിന് കൊച്ചിയില്‍ നിന്നുള്ള നിരക്ക് 16,600 രൂപ മാത്രം.
ആറുമാസം മുമ്പ് കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വികസനപ്രവൃത്തി ആരംഭിച്ചപ്പോള്‍ ഇവിടെനിന്നുള്ള എമിറേറ്റ്സ്, സൗദി എയര്‍വേഴ്സ് വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ഉള്ള വിമാനസര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തതോടെ വിമാനനിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് എത്തിഹാദ്, ഒമാന്‍ എയര്‍, സൗദി ഖത്തര്‍ എയര്‍വേഴ്സ്, ജെറ്റ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ സര്‍വ്വീസ് നടത്തുന്നതിനാല്‍ കടുത്ത മത്സരം ഉണ്ട്. അതേസമയം, കോഴിക്കോട്ടു നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ആണ് ഏറ്റവും കൂടുതല്‍ വിദേശ സര്‍വ്വീസുകള്‍ നടത്തുന്നത്. പൊതുമേഖലാ വിമാനക്കമ്പനിതന്നെ യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.