മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് രണ്ട് വര്‍ഷമായിട്ടും തിരികെ കിട്ടാതെ വലയുകയാണ് ചാലിയം അംബിക നിലയത്തില്‍ സി.പി ജ്യോതിപ്രകാശ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഈ അനാസ്ഥമൂലം ജോലിചെയ്ത് കുടുംബം പോറ്റാന്‍ സാധിക്കാത്ത ഗതികേടിലാണ് ജ്യോതിപ്രകാശ് ഇപ്പോള്‍. 2014 ജനുവരി 30ന് കെ.എല്‍. 57 എ 647 നമ്പര്‍ എയ്സ് വണ്ടി ചാലിയം പൊറാഞ്ചേരി പാടത്തുവച്ചാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ലോഡ് കയറ്റുന്ന സ്ഥലത്ത് രണ്ടുപേരെ കയറ്റി എന്ന കുറ്റത്തിന് ജ്യോതിപ്രകാശിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കസ്റ്റഡിയിലെടുത്തു. വടകര ആര്.ടി ഓഫീസിലെ സി.കെ അജിത്ത് കുമാര്‍ എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് വാഹനം പരിശോധിച്ചത്.
പിഴയടച്ച് ലൈസന്‍സ് തിരികെ വാങ്ങാന്‍ കോഴിക്കോട് ആര്.ടി ഓഫീസില്‍ ചെന്നപ്പോള്‍ ലൈസന്‍സും വാഹനപരിശോധനാ റിപ്പോര്‍ട്ടും അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് കൊടുവള്ളി ആര്.ടി ഓഫീസിലേക്ക് അയച്ചു എന്ന മറുപടിയും ലഭിച്ചു. കൊടുവള്ളി ആര്‍ടി ഓഫീസില്‍ എത്തി അന്വേഷിച്ചെങ്കിലും അവിടെ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം കൊടുവള്ളിയിലെയും വടകരയിലെയും ആര്.ടി ഓഫീസുകളില്‍ പരാതി നല്കി.
29ന് വടകര ആര്.ടി ഓഫീസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടിയില്‍ ജ്യോതിപ്രകാശിന്റെ ചെക്ക് റിപ്പോര്‍ട്ടും 2015 ഫിബ്രവരി 17ന് കൊടുവള്ളി സബ് ആര്.ടി ഓഫീസിലേക്ക് അയച്ചതാണെന്ന് പറയുന്നു. എന്നാല്‍ കൊടുവള്ളി ആര്.ടി ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടി ഇവ കൊടുവള്ളി ആര്.ടി ഓഫീസില്‍ കിട്ടിയിട്ടില്ലെന്നായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ നാലിന് വര്ക്കിഷോപ്പിലേക്ക് വാഹനവുമായി ജ്യോതിപ്രകാശ് പോകുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും പരിശോധിച്ച് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്സ് എന്നിവ ഇല്ലെന്നുമാണ് കുറ്റം കണ്ടെത്തിയിരിക്കുന്നത്. ലൈസന്‍സ് തിരികെകിട്ടാന്‍ കോടതി നടപടിക്കൊരുങ്ങുകയാണ് ജ്യോതിപ്രകാശ്.