കനോലി കനാലില്‍ അരയിടത്തുപാലം ജംഗ്ഷന് സമീപത്തുനിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ സിം കാര്‍ഡ് ഇല്ലാത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സിറ്റി പോലീസ് കമ്മിഷണറുടെ സൈബര്‍ സെല്ലിനെ വിനിയോഗിച്ച് മൊബൈല്‍ ഫോണില്‍ അവസാനം ഉയോഗിച്ച സിം കാര്‍ഡ് ഏതാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. തുടര്‍ന്ന് ആ സിം കാര്‍ഡില്‍ നിന്ന് ഒടുവില്‍ വിളിച്ചവരിലൂടെ മരിച്ചത് ആരാണെന്ന് കണ്ടെത്താമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതശരീരം ശനിയാഴ്ച വൈകിച്ച് മൂന്നുമണിയോടെയാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ നാലായിരത്തോളം രൂപയും സിം കാര്‍ഡ് ഇല്ലാത്ത മൊബൈല്‍ ഫോണും അരയില്‍ സൂക്ഷിച്ച നിലയില്‍ മദ്യകുപ്പിയും കണ്ടെത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
