പ്രകൃതി ഒരത്ഭുതമാണെന്ന് തോന്നും കോഴിക്കോട്ടെ തുഷാരഗിരിയിലെത്തിയാല്. മഞ്ഞുമൂടിയ മലയില്‍ നിന്നും മഞ്ഞ് പതഞ്ഞൊഴുകുന്ന പോലെ തോന്നുന്ന വെള്ളച്ചാട്ടം. കോഴിക്കോട് നഗരത്തില്‍ നിന്ന് 48 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശത്തേക്ക് വേനലിന്റെ ചൂടേറിയതോടെ സഞ്ചാരപ്രിയരുടെ പ്രവാഹമാണ്. പ്രകൃതി സുന്ദരമായ തുഷാരഗിരി വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകുന്നത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ്. ആ സമയത്താണ് വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത്.
പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകളാണ് ചാലിപ്പുഴയുമായി മാറുന്നു. ചാലിപ്പുഴ പിന്നീട് മൂന്ന് അതിമനോഹര വെള്ളച്ചാട്ടങ്ങളാകും. തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്. ഇവിടെ നിന്ന് വയനാട്ടിലേക്ക് ട്രക്കിംഗ് സൗകര്യവുമുണ്ട്. തുഷാരഗിരിയില്‍ നിന്നാരംഭിച്ച് തുഷാരഗിരി വെള്ളച്ചാട്ടം കണ്ട്, വൈത്തിരി വരെയുള്ള യാത്രയാണ് ഈ ട്രക്കിംഗ്. കൂടാതെ തുഷാരഗിരിയിലെ മൂന്ന് വെള്ളച്ചാട്ടങ്ങളിലേക്കും ട്രക്കിംഗ് സൗകര്യമുണ്ട്. വെള്ളം പലതട്ടുകളായി വന്നു വീഴുന്ന കാഴ്ച കണ്ണിനെ ആനന്ദം കൊള്ളിക്കുന്നു.
കുരുമുളക്, ഇഞ്ചി, ജാതിക്ക, റബ്ബര്‍, തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിസ്ഥലം കൂടിയാണിവിടം. തുഷാരഗിരി വനം സംരക്ഷണ സമിതിയും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്ന് വിനോദസഞ്ചാരികള്‍ക്കായി നിരവധി പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.