കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം സദാചാരഗുണ്ടകള്‍ ജില്ലയില്‍ വീണ്ടും തലപൊക്കുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നാദാപുരത്തും ചേവായൂരുമായി നടന്ന സദാചാരഗുണ്ടകളുടെ അക്രമത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.
സഹപാഠിയായ പെണ്‍കുട്ടിയെ വിവാഹ വീട്ടില്‍ നിന്നും ബൈക്കില്‍ ബസ്റ്റോപ്പില്‍ കൊണ്ടുപോയിവിട്ട വിദ്യാര്‍ത്ഥിയെയാണ് ഞായറാഴ്ച നാദാപുരം പാറക്കടവ് വച്ച് ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചത്. ഇരിങ്ങണ്ണൂര്‍ മുത്തുങ്ങേരി ശ്രീസാഗറിനെയാണ് അക്രമിച്ചത്. പരിക്കേറ്റ സാഗറിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ചേവായൂരില്‍ ബൈക്കില്‍ സഞ്ചരിച്ച അമ്മക്കും മകനുമെതിരെയാണ് മറ്റൊരു അക്രമം. കോവൂര്‍ സ്വദേശിയായ നൃത്ത അധ്യാപിക കലാമണ്ഡലം ഷീബക്കും മകന് ജിഷ്ണുവിനുമാണ് മര്‍ദ്ദനമേറ്റത്. നൃത്ത പരിപാടിക്കു ശേഷം അര്‍ധരാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷീബയും മകനും. വഴി മധ്യേ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ശല്യപ്പെടുത്തി തുടങ്ങി. തുടര്‍ന്ന് ഇവരെ പിന്തുടര്ന്ന് ചേവായൂര്‍ സമീപത്ത് വെച്ച് ബൈക്കില്‍ നിന്ന് തള്ളി വീഴ്ത്തി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല. സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ ഷീബ കുറിച്ചെടുത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരു കേസുകളിലെയും ഭൂരിപക്ഷം പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാപക പ്രതിഷേധവും പോലീസ് നടപടിയും കൊണ്ട് തലതാഴ്ത്തിയ സദാചാര ഗുണ്ടായിസത്തെ അടിച്ചമര്‍ത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.