പുരുഷാധിപത്യ ലോകത്തില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന സ്ത്രീസുരക്ഷയെ കുറിച്ച് ഓര്‍മ്മപെടുത്തി, പെണ്മക്കളുടെ ഭാവിയോര്‍ത്ത് പരിതപിക്കുന്ന മാതാപിതാക്കളുടെ ആകുലതകള്‍ വരച്ചുകാട്ടുന്ന സിനിമ. സീരിയല്‍ താരം അനീഷ് രവി ഒരുക്കുന്ന ’12 വയസ്’ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രദര്‍ശനത്തിന്. 40 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തിരുവനന്തപുരം കലാഭവന്‍ തിയറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
അനീഷ് രവി ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 12 വയസ് പ്രായമുള്ള തുളസി എന്ന പെണ്‍കുട്ടിയുടെയും അവിവാഹിതയും തുളസിയുടെ അമ്മ ലക്ഷ്മിയുടെയും ജീവിതവും ആകുലതകളുമാണ് പ്രമേയം. അയല്‍വീടുകളില്‍ ജോലിക്ക് പോയി ലക്ഷ്മി തുളസിമോളെ മിടുക്കിയായി വളര്‍ത്തുകയാണ്. കെട്ടകാലത്ത് നാട്ടില്‍ ദിനംപ്രതി നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. തുളസി വളരേണ്ടിയിരുന്നില്ലെന്ന് ലക്ഷ്മി അറിയാതെ പറഞ്ഞുപോകുന്നു. തുളസിയുടെ ക്ലാസിലെ ശാരിമോളുടെ അച്ഛന് ശാരിയെ ഉപദ്രവിക്കുന്നു എന്നുകൂടി കേട്ടപ്പോള്‍ ഈ വിചിത്രമായ ലോകത്ത് മകള്‍ സുരക്ഷിതയല്ലെന്ന് ലക്ഷ്മിയ്ക്ക് ബോധ്യമാവുന്നു. സ്വന്തം അനുഭവം മകള്‍ക്ക് ഉണ്ടാകാനും പാടില്ലെന്ന് ലക്ഷ്മിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ഏറ്റവും സുരക്ഷിതമായ ഒരിടം മകള്‍ക്കായി ലക്ഷ്മി കണ്ടെത്തുന്നു.
ഒരു ദിവസം നൂറു ഉമ്മയെങ്കിലും കൊടുക്കാറുള്ള ആ മുഖത്ത് അവള് ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. നീതിപീഠം സ്ത്രീ എന്ന പരിഗണന അവള്‍ക്കു നല്കി. തൂക്കുകയറില്‍ നിന്നും ജീവപര്യന്തം. ശിക്ഷ വാങ്ങി നിയമപാലകര്‍ക്ക് ഒപ്പം ജയിലിലേക്ക് നടന്നു പോകുമ്പോള്‍ തന്നെ അമ്മയാക്കിയ അയാള്‍ യാത്രയാക്കാന്‍ എത്തിയ ആ നിമിഷം മികവാര്‍ന്ന രീതിയില്‍, ചിന്തിക്കുന്ന സമുഹത്തിന് മുന്നില്‍ വരച്ചുകാട്ടുകയാണ് സംവിധായകന്.
സിനിമ സീരിയല്‍ താരം അനുജോസഫ് ലക്ഷ്മി എന്ന മുഖ്യ കഥാപാത്രത്തെ അവിസ്മരണീയമാക്കുന്ന ചിത്രത്തില്‍ നാല് സ്ത്രീ കഥാപത്രങ്ങളാണ് വേഷമിടുന്നത്. ഡി.ആര്. സാധികയാണ് തുളസിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. ജഡ്ജിയായി ഉഷയും തുളസിയായി ആഡ്ന ആനന്ദും അഭിഭാഷകയായി സൂര്യ എസ്. നായരും അഭിനയിക്കുന്നു. സംവിധായകനായ അനീഷ് രവി അതിഥി വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. മെഗാസ് ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് ശിവദാസ് ആണ്. എസ്.എ രാജീവിന്റെതാണ് സംഗീതം. വരാന്‍ പോകുന്ന വലിയൊരു വിപത്തിനെ കുറിച്ച് സൂചന കൊടുക്കുകയാണ് ചിത്രത്തിലൂടെ.