ശിവരാത്രി ദിനത്തില്‍ അവധിയാഘോഷം നാട്ടുകാര്‍ക്ക് ഉപകാരമുളളത് എന്തെങ്കിലും ചെയ്തുകൊണ്ട് ആകാം എന്ന് കോഴിക്കോട്ടെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. തീരുമാനം ഫലപ്രദമായി നടപ്പിലാക്കിയതോടെ വൃത്തിയായത് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റും പരിസരവും. നഗരത്തിനാകെ ഉപകാരപ്രദമായ പ്രവൃത്തി ചെയ്ത ചെറുപ്പക്കാരെ അകമറിഞ്ഞ് അഭിനന്ദിക്കാന്‍ കലക്ടര്‍ പ്രശാന്ത് നായരും പിന്നെ മടിച്ചില്ല. കംപാഷനേറ്റ് കോഴിക്കോടിന്റെയും മറ്റു സംഘടനകളുടെയും കൂടെ മൊഫ്യൂസില്‍ സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കാന്‍ കലക്ടര്‍ നേരിട്ടെത്തുകയും ചെയ്തു. സബ് ജഡ്ജ് ആര്.എല്‍. ബൈജു ഇവര്‍ക്കൊപ്പം ചെളി കോരാന്‍ ഇറങ്ങി. കലക്ടറും ചെളി കോരാന്‍ തയാറായപ്പോള്‍ വിദ്യാര്‍ഥികളും വൊളന്റിയര്‍മാരും സമ്മതിച്ചില്ല. ഒക്ടോബര്‍ രണ്ടിന് ബീച്ച് പരിസരം വൃത്തിയാക്കിയപോലെ ആവരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
സ്റ്റാന്‍ഡിനും സെഞ്ച്വറി കോംപ്ലക്സിനും ഇടയിലുള്ള ഓവുചാലില്‍ വൊളന്റിയര്‍മാര്‍ ഇറങ്ങി ചെളി കോരിമാറ്റിയതിനു ശേഷം ഫയര്‍ഫോഴ്സ് ഓവുചാല്‍ വെള്ളം അടിച്ചു കഴുകി. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും മാലിന്യം ശേഖരിക്കാന്‍ വെയിസ്റ്റ്ബിന് സ്ഥാപിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
തിങ്ങി ഞെരുങ്ങി കച്ചവടം ചെയ്യുന്ന സ്ഥലത്ത് ഫയര്‍ ആന്‍ഡ് സേഫ്ടി സ്ഥാപിക്കണമെന്നു പറഞ്ഞു. ബസ് ഇടിച്ചു തകര്‍ന്ന സ്ട്രീറ്റ് ലൈറ്റ് നീക്കം ചെയ്യാന്‍ കലക്ടര്‍ കെഎസ്ഇബിയ്ക്ക് നിര്‍ദേശം നല്കി. കെഎസ്ഇബിയും ഫയര്‍ഫോഴ്സും ചേര്‍ന്നു തകര്‍ന്ന സ്ട്രീറ്റ്ലൈറ്റ് മുറിച്ചു നീക്കം ചെയ്തു. തുറന്നു കിടക്കുന്ന ഓവുചാലില്‍ മാലിന്യം തള്ളരുതെന്നും പ്രദേശത്ത് ഡസ്റ്റ് ബിന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യാപാരികളോട് പറഞ്ഞു.
ഓവുചാല്‍ സ്ലാബിട്ട് മൂടും. ബസില്‍ നിന്നും പുറത്തേക്കു മാലിന്യം തള്ളുന്നുണ്ടെങ്കില്‍ തടയും. മാലിന്യം പുറത്തേക്ക് വലിച്ചെറിയാതെ വ്യാപാരികളോടും ബസ് ജീവനക്കാരോടും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡില്‍ വെറുതെ കിടക്കുന്ന സ്ഥലം നേരെയാക്കി ബസുകള്‍ക്ക് പാര്‍ക്കു ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്റ്റാന്‍ഡിലെയും സമീപത്തെ കോംപ്ലക്സിലെയും വ്യാപാരികളുമായി അടിയന്തരമായി ചര്‍ച്ച നടത്തും.