തിരുവമ്പാടിയില്‍ ലീഗിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങുകയാണ് മലയോര വികസന സമിതി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനം. തിരുവമ്പാടിക്ക് പുറമെ പെരിന്തല്‍മണ്ണ, വണ്ടൂര്‍, ഏറനാട്, കൊടുവള്ളി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, നിലമ്പൂര്‍ എന്നീ ഒന്‍പതോളം മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് മലയോര വികസന സമിതി കണ്‍വീനര്‍ ചാക്കോ കാളമ്പറമ്പില്‍ പറഞ്ഞു. തിരുവമ്പാടി ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം അറിയിക്കാത്ത പശ്ചാത്തലത്തില്‍ പന്ത്രണ്ടാം തിയ്യതിയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ താമരശ്ശേരി രൂപതാ വക്താവിന്റെ നേതൃത്വത്തില്‍ മലയോര വികസന സമിതി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ കണ്ട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കര്‍ഷക പ്രതിനിധി മത്സരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നായിരുന്നു പ്രചരണം. ഏഴാം തീയതിക്കകം അനുകൂല തീരുമാനം അറിയിക്കുമെന്നായിരുന്നു സമതിയുടെ പ്രതീക്ഷ. എന്നാല്‍ ലീഗ് തന്നെ മത്സരിക്കട്ടെയെന്ന നിലപാട് യുഡിഎഫില്‍ ഉണ്ടായതോടെയാണ് സമിതി മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
തിരുവമ്പാടിയില്‍ താമരശ്ശേരി രൂപതയ്ക്ക് താല്പര്യമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് മലയോര വികസന സമിതിയുടെ പേരില്‍ നടത്തുന്നതെന്ന വിലയിരുത്തലുമുണ്ട്.