ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യങ്ങളില്‍ ചേര്‍ക്കുന്ന സ്റ്റാറ്റസുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും അനുമതികൂടാതെ പ്രസിദ്ധീകരിക്കുകയും വാര്ത്തയാക്കുന്നതും ഇപ്പോള്‍ സാധാരണമാണ്. വ്യക്തികള്‍ നവമാധ്യമങ്ങളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ അനുമതി കൂടാതെ പ്രസിദ്ധീകരിക്കുമ്പോള്‍ വാര്‍ത്താ മാധ്യമങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വി.കെ ആദര്‍ശ്.
”ഫേസ്ബുക്കില്‍ നിന്ന് പത്രത്തിന്റെ ഫേയ്സില്‍ ചേര്‍ത്ത് ഒട്ടിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ളത്” എന്ന പേരില്‍ വി.കെ ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്.
” 1. ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആളിന്റെ അനുമതി നിര്‍ബന്ധമായും വാങ്ങണം. ഇത് പറയാന്‍ കാരണം ഉണ്ട്. പ്രധാനമായും സൈബര്‍ മാധ്യമത്തിലെ എഴുത്ത് ആയതിനാല്‍ അത് എഴുതിയ ആള്‍ക്ക് ഇഷ്ടമുള്ള സമയത്ത് പിന്‍വലിക്കാം. ഒരു പക്ഷെ അത് എഴുതിയ സമയത്തെ സ്വയം ബോദ്ധ്യത്തെ അടിസ്ഥാനമായി ആകും കുറിക്കപ്പെട്ടത്. പിന്നീട് വന്ന കമന്റുകളില്‍ നിന്നോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞത് വച്ചോ ഒരു പക്ഷെ ആദ്യപോസ്റ്റ് നീക്കം ചെയ്യാനോ അല്ലെങ്കില്‍ നേര്‍പ്പിച്ച് എഡിറ്റ് ചെയ്യാനോ ഉള്ള സാധ്യത ഉണ്ടല്ലോ. ഇതറിയാതെ അല്ലെങ്കില്‍ നീക്കം/എഡിറ്റ് നടക്കുന്നതിനു മുന്നെ എടുത്ത് പത്രത്തിലോ ചാനലിലോ ഇട്ടാല്‍ കാര്യം എഴുത്തുകാരന്റെ നിയന്ത്രണത്തില്‍ നിന്ന് വഴുതും.
2. ഫേസ്ബുക്ക് പോസ്റ്റ് ഒരു പക്ഷെ ആ സുഹൃത്ത് വലയത്തിനുള്ളിലേക്ക് മാത്രമാകും (അതായത് പബ്ലിക് പോസ്റ്റ് അല്ല എന്ന്) എഴുതപ്പെട്ടത്. ഈ പോസ്റ്റ് എടുത്ത് അനുമതി ഇല്ലാതെ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയാല് സംഗതി പാളം തെറ്റും.
3. ആദ്യത്തെ പോസ്റ്റ് ഫേസ്ബുക്ക്/ട്വിറ്ററില്‍ മാത്രമായിരുന്നെങ്കില്‍ ഉണ്ടാകാനിടയില്ലാത്ത അപകടം മറ്റൊരു മാധ്യമത്തില്‍ വന്നത് അറിഞ്ഞത് കൊണ്ട് മാത്രം സംഭവിച്ചാല്‍ ആരു സമാധാനം പറയും.
4. പോസ്റ്റിനപ്പുറം നല്ല ചിത്രങ്ങള്‍ ഒട്ടേറെ പേര് എടുക്കുന്നു, അത് പങ്ക് വയ്ക്കുന്നവരും എത്രയോ അധികം. അത് ഒരു ക്രെഡിറ്റുമില്ലാതെ പത്രങ്ങളില്‍/ചാനലുകളില്‍ പലതവണ കണ്ടിട്ടുണ്ട്. ഇന്റെര്‍നെറ്റില്‍ നിന്നും എടുക്കാന്‍ ആരുടെയും അനുമതി വേണ്ട എന്ന തെറ്റായ ധാരണ ആണ് പ്രശ്നം.
5. ചില പോസ്റ്റുകള്‍ ഒരു പക്ഷെ ആ വ്യക്തി തന്നെ എഴുതിയത് ആകണമെന്നില്ല. വാട്ട്സ് ആപ്പ് ഫോര്‍വേഡോ അല്ലെങ്കില്‍ മറ്റെവിടെ നിന്നെങ്കിലും അടര്‍ത്തി മാറ്റിയതോ ആകാം. അപ്പോള്‍ അനുമതി വാങ്ങിയാല്‍ ആ വഴിക്കുള്ള അബദ്ധം പിണയലും ഒഴിവാക്കാം.
ഫേസ്ബുക്ക് പോസ്റ്റുകള്‍ പത്രങ്ങളിലും ചാനലുകളിലും വരണം, കാരണം സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാത്ത പരശതം പേരിലേക്ക് പ്രസക്തമായ പോസ്റ്റുകള്‍ എത്തുന്നത് നല്ലത് തന്നെ. എന്നാല്‍ ഒപ്പം അതെഴുതിയ ആളിന്റെ അനുമതി കൂടി ഒരു മെസേജ് ഇട്ട് എങ്കിലും വാങ്ങുന്നത് മാധ്യമ പ്രവര്‍ത്തകരെയും ആ പോസ്റ്റ് എഴുതിയ ആളെയും കൂടുതല്‍ സുരക്ഷിതരാക്കുകയേ ഉള്ളൂ.
ഒടുവിലാന്‍ : മാതൃഭൂമി യിലെ ആ പത്രപ്രവര്‍ത്തകനൊപ്പം ആണ് മനസ്. അറിയാതെ പറ്റിപ്പോയ ഒരു പിഴവിന് ആ പാവം വിഷമിക്കുന്നുണ്ടാകും, തൊഴില്‍ പരമായ ഇടര്‍ച്ചയോ സ്ഥാനചലനോ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. മറ്റൊരു തരത്തില്‍ ആ പോസ്റ്റ് എഴുതിയ ആളിന്റെ പേരില്ലാത്തത് നന്നായി ഇല്ലെങ്കില്‍ അയാള്‍ ഫേസ്ബുക്ക് വിട്ട് മാളത്തില്‍ ഒളിക്കേണ്ടി വരുമായിരുന്നു എന്നതും ഓര്‍ക്കാം.
(വി.കെ ആദര്‍ശിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)