Home » നമ്മുടെ കോഴിക്കോട് » അവകാശ ലംഘനങ്ങള്‍ക്കെതിരെ വീണ്ടുമൊരു നഴ്‌സിംഗ് സമരം; മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് സമരം തുടരുന്നു

അവകാശ ലംഘനങ്ങള്‍ക്കെതിരെ വീണ്ടുമൊരു നഴ്‌സിംഗ് സമരം; മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് സമരം തുടരുന്നു

തൊഴില്‍ അവകാശ ലംഘനങ്ങള്‍ക്കും ചൂഷണത്തിനുമെതിരെ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ഒത്തുതീര്‍പ്പായില്ല. കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നൂറ്റിയമ്പതിലധികം നഴ്മാരുമാണ് അടിയന്തിരാവശ്യമുന്നയിച്ച് രണ്ടാഴ്ചയിലധികമായി ധര്‍മ്മസമരം നടത്തുന്നത്. ഇക്കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടാം വാരം നഴ്‌സിംഗ് തൊഴിലാളി സംഘടന ആശുപത്രി മാനേജ്‌മെന്റിനും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും സമര്‍പ്പിച്ച അടിയന്തിര അവകാശപത്രികയെ മുന്‍നിര്‍ത്തി നവംബര്‍ 28ന് റീജണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ലംഘിക്കുകയും നഴ്‌സിംഗ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രതികാര നടപടികള്‍ കൈകൊള്ളുകയും ചെയ്തതോടെയാണ് നെഴ്‌സുമാര്‍ സമരം ആരംഭിച്ചത്.

റീജണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ മാനേജ്‌മെന്റ് അംഗീകരിച്ച തീരുമാനപ്രകാരം ബോണസും യൂണിഫോം അലവന്‍സും അടക്കമുള്ള ആനുകൂല്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ നഴ്‌സുമാര്‍ക്ക് നല്‍കേണ്ടതാണെന്നും എന്നാല്‍ മാര്‍ച്ച് മാസമായിട്ടും തൊഴിലാളികള്‍ക്ക് ഇതൊന്നും ലഭിച്ചിട്ടില്ലെന്നും തൊഴിലാളികല്‍ പറയുന്നു. എല്ലാമാസവും അഞ്ചാം തിയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന തീരുമാനവും നടപ്പിലാവുന്നില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന നഴ്‌സിംഗ് സംഘടനാ പ്രവര്‍ത്തകരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്നും ഇതോടെയാണ് സമരം ആരംഭിച്ചതെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ പോലീസ് നീക്കത്തിനെതിരെയും മാനേജ്‌മെന്റി നിലപാടിനെതിരെയും സിപിഎം നേതാവ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. മാനേജ്‌മെന്റും ലേബര്‍ കമ്മിഷനും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ടെങ്കിലും സമരം കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് അധികൃതര്‍.

Untitled-1

Leave a Reply