ബസിന്റെ ബോര്‍ഡ് വായിക്കാന്‍ കഴിയാത്തവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ആരംഭിച്ച ജില്ലയിലെ സിറ്റി ബസുകള്‍ക്ക് റൂട്ട് നമ്പറുകള്‍ നല്‍കാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ പദ്ധതി ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രമായി നില്ക്കുന്നു.
നവംബര്‍ ഒന്നിനുതന്നെ ബസുകള്‍ക്ക് റൂട്ട് നമ്പറുകള്‍ നല്‍കിയെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള ബോര്‍ഡുകള്‍ ഇതുവരെ ബസ്സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിട്ടില്ല.
ബസുകളില്‍ റൂട്ട് നമ്പര്‍ കാണുന്നുണ്ടെങ്കിലും ഇത് ജനങ്ങള്‍ക്ക് മനസ്സിലാവാത്ത അവസ്ഥയാണുള്ളത്. ബസ്സുകളുടെ റൂട്ട് നമ്പറുകള്‍ക്കു നേരെ സ്ഥലത്തിന്റെ പേരും എഴുതിയ ബോര്‍ഡുകള്‍ ബസ്സ്റ്റോപ്പുകളില്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ഘട്ടം. എന്നാല്‍, റൂട്ട് നമ്പര്‍ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ബോര്‍ഡുകള്‍ നിര്മ്മിച്ചുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ നമ്പറുകള്‍ ഏത് സ്ഥലത്തേക്കുള്ളതാണ് എന്നതിനെ പറ്റി ആളുകള്‍ക്ക് ധാരണയായിട്ടില്ല.
ബസിന്റെ ബോര്‍ഡ് വായിക്കാന്‍ കഴിയാത്തവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഓരോ സ്ഥലവും അവിടേക്കുള്ള ബസ് റൂട്ട് നമ്പറുകളും ബസ്സ്റ്റോപ്പില്‍ പ്രദര്‍ശിപ്പിക്കും. ഇതു നോക്കി തങ്ങള്‍ക്കുള്ള ബസ് ജനങ്ങള്‍ക്ക് കണ്ടുപിടിക്കാം. പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ബസ് റൂട്ട് നമ്പര്‍ എഴുതും. ഇതരസംസ്ഥാനക്കാര്‍ക്കും അത് ഏറെ സഹായകരമാവും വിധത്തിലായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. മലയാളത്തിലുള്ള ബോര്‍ഡുകള്‍ വായിക്കാന്‍ ഇതരസംസ്ഥാനക്കാര്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പുതിയ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തത്തെിയത്.
കണ്ണൂര്‍ സര്‍വകലാശാല മാനേജ്മെന്റ് പഠനവിഭാഗത്തിലെ വിദ്യാര്‍ഥികളുടെ സാമൂഹികബാധ്യതയുടെ ഭാഗമായി സംസ്ഥാനത്തെ ബസുകളുടെ ശൃംഖലയെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ യുനീക് നമ്പറിങ് സിസ്റ്റം ഫോര്‍ ബസ് റൂട്ട്സ് (യു.എന്‍.എസ്.ബി.ആര്) സംവിധാനത്തിന്റെ ഭാഗമായി കണ്ണൂരില്‍ പദ്ധതി ആരംഭിച്ചിക്കുകയും അത് വിജയകരമാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കോഴിക്കോടും പദ്ധതി തയ്യാറാക്കിയത്. ശേഷം തിരുവനന്തപുരത്തും പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ ആദ്യവാരം നടന്നിരുന്നു. എന്നാല്‍, ഇതു പ്രാവര്‍ത്തികമാക്കല്‍ എളുപ്പമല്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. രണ്ട് റൂട്ടുകളിലോടുന്ന ബസുകളുടെ നമ്പര്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കും. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമേ റൂട്ട് നമ്പര്‍ സംവിധാനം ഫലപ്രദമാകുകയുള്ളൂവെന്നും അവര്‍ പറയുന്നു.