Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ‘മാറാട് പരീക്ഷണം’ വിജയിച്ചുവെന്ന് ഇടതുപക്ഷം തിരിച്ചറിയുമോ?

‘മാറാട് പരീക്ഷണം’ വിജയിച്ചുവെന്ന് ഇടതുപക്ഷം തിരിച്ചറിയുമോ?

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് സംഘപരിവാരത്തിൻെറ ഏറ്റവും വലിയ പ്രഹരമേറ്റത് പഴയ ബേപ്പൂർ പഞ്ചായത്തിലാണ്. മാറാട് കേരളത്തിലെ സംഘപരിവാർ പരീക്ഷണശാലയാണെന്ന 2002 ലെ ആക്ഷേപം ശരിയായിരുന്നെന്നു തെളിയിച്ച് ഇവിടെ മൂന്ന് കോർപ്പറേഷൻ വാർഡുകൾ ബിജെപി നേടി.

ഇപ്പോൾ കോഴിക്കോട് കോർപ്പറേഷൻെറ ഭാഗമായ ബേപ്പൂർ പഞ്ചായത്ത് എക്കാലത്തും എൽഡിഎഫിൻെറ നെടുങ്കോട്ടയാണ്. ഇടതുപക്ഷത്തിൻെറ കയ്യിലാണ് പതിറ്റാണ്ടുകളായി ബേപ്പൂർ പഞ്ചായത്തും ബേപ്പൂർ നിയോജകമണ്ഡലവും. സിപിഎം നേതാവ് എളമരം കരീമാണ് രണ്ട് തവണയായി എംഎൽഎ.

1987 ൽ കോലീബീ സഖ്യസ്ഥാനാർഥിയായി ഡോ. മാധവൻകുട്ടിയെ അവതരിപ്പിച്ചാണ് ഈ ഇടതുപക്ഷകോട്ട പൊളിക്കാൻ ആദ്യത്തെ സംഘടിതശ്രമം നടന്നത്. എന്നാൽ സിപിഎം നേതാവ് ടി കെ ഹംസ മാധവൻകുട്ടിയെ തോല്പിച്ചു. കോലീബീ പരീക്ഷണം പരാജയപ്പെട്ടു.

ഇടതുപക്ഷത്തെ തോല്പിക്കാൻ കോൺഗ്രസും ലീഗും ബിജെപിയും ചേർന്നെടുത്ത തീരുമാനമായിരുന്നു അതെന്ന് ബിജെപി നേതാവ് പി പി മുകുന്ദൻ പിന്നീട് വെളിപ്പെടുത്തി. മുകുന്ദൻ രാഷ്ട്രീയത്തിൽനിന്നുതന്നെ അതോടെ ഔട്ടായി.

പിന്നീടുവന്ന തെരഞ്ഞെടുപ്പുകളിലൊന്നും എൽഡിഎഫിന് കാര്യമായൊരു വെല്ലുവിളിയും ഉയർന്നില്ല. ബേപ്പൂരിൽ ഇരു മതത്തിലും പെട്ട അരയന്മാർ തിങ്ങിപ്പാർക്കുന്ന മാറാട് തീരത്ത് കലാപ പരമ്പര വരുന്നത് തുടർന്ന് പത്തു വർഷത്തിലേറെ കഴിഞ്ഞാണ്.

കലാപത്തിനു പിന്നിൽ പ്രവർത്തിച്ചവരായി ബിജെപിയുടെയും ലീഗിൻെറയും പ്രമുഖ നേതാക്കളുടെയും പേരുകൾ ഉയർന്നുവന്നു. അന്വേഷണങ്ങൾ കുറ്റകൃത്യത്തിൽ മാത്രമായൊതുങ്ങി. ഗൂഢാലോചന അന്വേഷിക്കപ്പെട്ടതേയില്ല.

ദുരൂഹമെന്നു പറയാം, എൽഡിഎഫും അതിൽ താല്പര്യം കാട്ടിയില്ല. കേരളത്തെ ഗുജറാത്താക്കാനുള്ള പരീക്ഷണമാണു നടന്നതെന്നും എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ഇടതുബുദ്ധിജീവികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സിപിഎ൦ നേതൃത്വവും ഇടതുസർക്കാരും ചെവിക്കൊണ്ടില്ല.

ചരിത്രം തിരിഞ്ഞുകൊത്തുകയാണ് സിപിഎമ്മിനെ.

നഷ്ടപ്പെടുമെന്നു ഭയന്ന കോർപ്പറേഷൻ ഭരണം നിലനിർത്താനാണ് ഉറച്ച കോട്ടയായ ബേപ്പൂർ പഞ്ചായത്തിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനോട് ചേർത്തത്. ഭരണം നേടാനുള്ള ആ അടവ് ഫലിച്ചു. ഇക്കുറിയും.

എന്നാൽ, കാണാതെ മാറ്റിവച്ച ആപത്ത് പിന്നിലൂടെ സിപിഎമ്മിനെ ആഞ്ഞുകൊത്തുകയാണ്. കോർപ്പറേഷനിൽ കഴിഞ്ഞ തവണ അംഗങ്ങളേ ഇല്ലാതിരുന്ന ബിജെപിക്ക് ഇപ്പോൾ ഏഴ് അംഗങ്ങളായി! അതിൽ മൂന്നും ബേപ്പൂർ പരീക്ഷണശാലയിൽനിന്നും!!

ജയിക്കേണ്ടത് കലാപമാണോ? കലാപം കൊണ്ട് നേട്ടം ലക്ഷ്യമിട്ട രാഷ്ട്രീയ-ക്രിമിനൽ സംഘമാണോ? മതനിരപേക്ഷകേരളം ആധിയോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരംതേടുന്നു.

Leave a Reply