Home » നമ്മുടെ മലപ്പുറം » ടാക്‌സി മാത്രമല്ല ഇനി ‘ഷീ’ ബസും ഓടും

ടാക്‌സി മാത്രമല്ല ഇനി ‘ഷീ’ ബസും ഓടും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്ത്രീകള്‍ ഡ്രൈവര്‍മായുള്ള ഷീടാക്‌സിയ്ക്ക് ശേഷം ഷീ ബസും നിരത്തിലിറങ്ങുന്നു. സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി കേരളത്തില്‍ നടപ്പാക്കിയ ഷീ ടാക്‌സി പദ്ധതി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷീ ടാക്‌സിയ്ക്ക് സമാനമായി ലോകബാങ്കിന്റെ പിന്തുണയോടെ ഷീ ബസ് പദ്ധതിയും നടപ്പിലാക്കുന്നത്.

സ്ത്രീകള്‍ തന്നെ ഉടമകളും ഡ്രൈവര്‍മാരുമായ ഷീ ടാക്‌സി സര്‍വീസ് വിജയകരമായ ബിസിനസ് മോഡല്‍ എന്ന നിലയിലും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഡ്രൈവ് ചെയ്യുന്നവരാണ് സ്ത്രീകള്‍ എന്ന അംഗീകാരത്തോടെയും ഇപ്പോള്‍ മൂന്നാം വയസ്സിലേക്ക് യാത്ര തുടരുകയാണ്. ഷീ ടാക്‌സിയുടെ വാര്‍ഷികത്തോടൊപ്പം ഷീ ബസ് പുറത്തിറക്കാനായിരുന്നു അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. സാങ്കേതികതകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ ഷീ ബസിന്റെ കന്നിയാത്ര നടത്താനാകുമെന്നാണ് പ്രതീക്ഷ.

സാധാരണക്കാരായ വനിതകളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ കുറഞ്ഞനിരക്കില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനാകും. സ്ത്രീകള്‍ തന്നെ ഡ്രൈവറും കണ്ടക്ടറും ആകുമെന്നതും ഷീ ബസിന്റെ പ്രത്യേകതയാണ്. എയര്‍ കണ്ടീഷണറുള്ള ലോ ഫ്‌ലോര്‍ ബസാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രായമായവരും വൈകല്യമുള്ളവരുമായ സ്ത്രീകള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ വീല്‍ ചെയറുകള്‍ കയറ്റാനുള്ള സൗകര്യങ്ങളും ബസിനുണ്ടാകും.

ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന് കൊച്ചിയിലും കോഴിക്കോടുമായിരിക്കും ഷീ ബസ് ഓടി തുടങ്ങുന്നത്. എന്തെങ്കിലും തരത്തിലുള്ള അപകടമോ അപായങ്ങളോ ഉണ്ടായാല്‍ ഷീ ടാക്‌സിക്ക് സമാനമായി അപ്പപ്പോള്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിനുള്ള സൗകര്യവും വാഹനത്തിലുണ്ടാകും.

Leave a Reply