Home » നമ്മുടെ കോഴിക്കോട് » കൂള്‍ബാറുകളുടെ ഗുണനിലവാരം; ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ ശക്തമാകുന്നു

കൂള്‍ബാറുകളുടെ ഗുണനിലവാരം; ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ ശക്തമാകുന്നു

നഗരത്തിലെ കൂള്‍ബാറുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ ശക്തമാകുന്നു. വേനല്‍ കനത്തതോടെ നഗരത്തിലെ ജ്യൂസ് കടകളില്‍ വലിയ തിരക്കുകളാണ്. ജ്യൂസ് കടകള്‍ക്കും പുറമെ വഴിയോരത്തെ പെട്ടിക്കടകളെ പോലും ആളുകള്‍ വലിയ തോതില്‍ ആശ്രയിക്കുന്നു.  എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇത്തരം പാനീയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുകഴിഞ്ഞു.

തെരുവോര ജ്യൂസ് പാര്‍ലറുകളും പെട്ടിക്കടകളും പരിശോധനയില്‍ ഉള്‍പ്പെടുത്തും. ഐസ്ക്രീമും പാലും പഴങ്ങളും പരിശോധിക്കും. മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലോടെയാണ് പരിശോധന. സാമ്പിള്‍ ശേഖരിച്ച് ലാബുകളിലയക്കും. മായം കണ്ടെത്തിയാല്‍ നോട്ടീസ് അയക്കുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.

വ്യാപകമായി കുടിവെള്ളപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിരുന്നു. ആദ്യഘട്ട പരിശോധന ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി. ടാങ്കര്‍ ലോറി വഴിയുള്ള ജലവിതരണത്തിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. രണ്ടാംഘട്ടം കൂള്‍ബാറുകളിലും ഹോട്ടലുകളിലുമാണ് പരിശോധന നടത്തുക. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് പരിശോധനകള്‍ നടത്തുക. പരിശോധനയ്ക്കായി രണ്ടു സ്ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ സി ടി അനില്‍കുമാര്‍ പറഞ്ഞു. ഒരു ഡെസിഗ്നേറ്റഡ് ഓഫീസറും രണ്ട് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുമാണ് സ്ക്വാഡിലുള്ളത്.

Leave a Reply