Home » നമ്മുടെ കോഴിക്കോട് » ‘പള്ളിക്കൂടം’ ചെറിയ കുട്ടികളുടെ വലിയ സിനിമ ഒരുങ്ങുന്നു

‘പള്ളിക്കൂടം’ ചെറിയ കുട്ടികളുടെ വലിയ സിനിമ ഒരുങ്ങുന്നു

കുട്ടികള്‍ എന്താകണമെന്ന് രക്ഷിതാക്കളും അധ്യാപകരും വാശിപിടിക്കുന്ന കാലത്താണ് പൊള്ളുന്ന ഒരുപിടി ചോദ്യങ്ങളുമായി ചെറിയ കുട്ടികളുടെ വലിയ സിനിമ ‘പള്ളിക്കൂടം’ ഒരുങ്ങുന്നത്. സ്കൂളിലെത്തിയ പുതിയ അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയോട് ആരാകണമെന്ന് ചോദിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഡ്രൈവര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, പോലീസ് തുടങ്ങി സമൂഹത്തിലെ നിരവധി ജോലികള്‍ കുട്ടികള്‍ തന്നെ തെരഞ്ഞെടുക്കുമ്പോള്‍ കയ്പേറിയ അനുഭവത്തില്‍ നിന്നും  ആശയക്കുഴപ്പത്തിലായ ഈ വിദ്യാര്‍ത്ഥിയുടെ ജീവിത പരിസരങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു നല്ല മനുഷ്യനാകാന്‍ ഉള്ള പാഠങ്ങള്‍ ജീവിതത്തില്‍ നിന്ന് തന്നെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നു എന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഗിരീഷ് പിസി പാലം പറഞ്ഞു. പതിനഞ്ച് വര്‍ഷത്തെ നാടകവേദിയുടെ കരുതിത്തുമായാണ് കോഴിക്കോടു നിന്നും  ഒരു സംവിധായകന്‍ കൂടെ വെള്ളിത്തിരയിലെത്തുന്നത്. നിരവധി  ടെലിവിഷന്‍ സീരിയലുകള്‍ക്കും ഗിരീഷ് തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

p1

 

കുട്ടികള്‍ക്കൊപ്പം സുധീര്‍ കരമന, വിനീത്, അഞ്ജലി ഉപാസന തുടങ്ങിയവരും ചിത്രത്തില്‍  വേഷമിടുന്നു. എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വിദ്യാധരന്‍ മാസ്റ്ററും തേജ് മെര്‍വിനുമാണ് ഈണങ്ങള്‍ നല്‍കിയത്. അനില്‍ പനച്ചൂരാന്‍, ഹരിനാരായണന്‍, രമേഷ് കാവില്‍ എന്നിവരുടെതാണ് വരികള്‍.

p2

ഹോട്ടല്‍ മഹാറാണിയില്‍ വെച്ച് നടന്ന ചിത്രത്തിന്‍റെ പൂജയില്‍ വിനീത്, അഞ്ജലി ഉപാസന, എം ജെ രാധാകൃഷ്ണന്‍, തേജ് മെര്‍വിന്‍, പി ആര്‍ നാഥന്‍, ജയപ്രകാശ് കൂളൂര്‍, പി വി ഗംഗാധരന്‍, വി എം വിനു, ഗിരീഷ് പിസി പാലം ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കോഴിക്കോടന്‍ പരിസരപ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ മെയ് മാസം പെരുന്നാളിന് തിയ്യേറ്ററിലെത്തും. മനോജ് വര്‍ക്കിയാണ് സിനിമയുടെ നിര്‍മ്മാതാവ്.

Leave a Reply