ഫാഷന്റെയും സൗന്ദര്യത്തിന്റെയും ലോകമായ പാരീസില്‍ നിന്നെത്തിയ സുന്ദരികളും സുന്ദരന്മാരും മുതല്‍ ഇങ്ങ് തൃശ്ശൂര്‍ മണ്ണുത്തിയിലെ കിളിവീട്ടില്‍ നിന്നെത്തിയ മിടുക്കര്‍ വരെ കോഴിക്കോടിന്റെ മനം കവരുകയാണ്. കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ദേശീയ പക്ഷി മൃഗമേളയുടെ വിശേഷങ്ങളാണ് ഇത്. ഫ്രാന്‍സ്, യുഎസ്എ, ക്യൂബ,ജര്‍മനി,ബ്രിട്ടന്, ചൈന തുടങ്ങിയ വിദേശ രാജ്യത്തു നിന്നെത്തിയ അലങ്കാര കോഴികളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ചൈനയില്‍ നിന്നുള്ള ബ്രഹ്മ, അമേരിക്കയിലെ വൈറ്റ് അമേരിക്കന്‍ ഫ്രിസില്‍, ജര്‍മനിയിലെ ഹൗഡന്‍, ഹോളണ്ടില്‍ നിന്നുള്ള ഡച്ച് ബാന്റം, ബെല്‍ജിയത്തിലെ വൈറ്റ് മില്ലി ഫഌര്‍, സ്വീഡന് ഇനമായ സില്‍വര്‍ ലേസ്ഡ് തുടങ്ങി. ഒരു ജോഡി കരിങ്കോഴികള്‍ക്ക് 1500 രൂപയാണ് വില. ഗ്രാമശ്രീ കോഴികള്‍ക്ക് വലുതിന് 800 രൂപയും ചെറിയ കുഞ്ഞുങ്ങള്‍ക്ക് 90 രൂപയുമാണ്.
യമുനാ തീരത്ത് കാണുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ആടായ ജമ്നാപ്യാരിയും, രാജസ്ഥാന് സ്വദേശിയായ സിരോഹിയും പഞ്ചാപില്‍ നിന്നുള്ള ബീറ്റല്‍ ആടുകളും കൂടാതെ ഗീര്‍, വെച്ചൂര്‍, തുടങ്ങിയ പശുക്കളും പ്രദര്‍ശനത്തിലുണ്ട്. മാനാഞ്ചിറ കോംട്രസ്റ്റ് മൈതാനത്ത് രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. ഈ മാസം 31 വരെയാണ് മേള.