വിദ്യാഭ്യാസ മേഖലയിലും മറ്റു രംഗങ്ങളിലും അഭിമാനിക്കാവുന്ന വികസനം- വി എം ഉമ്മര്‍ മാസ്റ്റര്‍
കൊടുവള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയിലും മറ്റു രംഗങ്ങളിലും അഭിമാനിക്കാനുതകുന്ന വികസന നേട്ടങ്ങളാണ് വിഎം ഉമ്മര്‍ മാസ്റ്റര്‍ അവകാശപ്പെടുന്നത്. കൊടുവള്ളി താലൂക്ക് യാഥാര്‍ത്ഥ്യമാക്കിയതിനു പുറമെ ഗവ.ആര്‍ട്സ് &സയന്‍സ് കോളേജ്, മുനിസിപ്പാലിറ്റി, ഗവ.റസഡന്ഷ്യല് ഐടിഐ, പന്നിക്കോട്ടൂര്‍ ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, കട്ടിപ്പാറ ഇന്‍ഡസ്ട്രിയല്‍ ഡവലെപ്മെന്റ് പാര്‍ക്ക്, താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്നിവയെല്ലാം സുപ്രധാന വികസന നേട്ടങ്ങളാണെന്ന് എംഎല്‍എ പറയുന്നു. വെള്ളിമന, രാരോത്ത് സ്കൂളുകളെ യുപിയായും ഹൈസ്കൂളായും ഉയര്‍ത്താന്‍ സാധിച്ചു. കട്ടിപ്പാറ വില്ലേജ് ഓഫീസ് ആരംഭിച്ചതും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോര്‍ ആരംഭിച്ചതും, കെഎസ്ആര്‍ടിസി പതിനഞ്ച് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചതും മണ്ഡലത്തിന് ഒട്ടേറെ ഗുണം ചെയ്തു. താമരശ്ശേരി, കൊടുവള്ളി ബൈപാസിന്റെ പ്രഥമിക അന്വേഷണ പ്രവൃത്തി ആരംഭിച്ചതും നേട്ടമായി എംഎല്‍എ പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനെത്തുന്ന റാപ്പിഡ് റസ്പോണ്‍സ് ടീമിന്റെ മേഖലാ കാര്യലയം മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും മലയോര മേഖലക്ക് നേട്ടമായി എന്ന്വ എംഎല്. എ വൈദ്യുതി, ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നിരവധി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാനും തന്റെ കാലയളവില്‍ സാധിച്ചെന്ന് വിഎം ഉമ്മര്‍ മാസ്റ്റര്‍ പറയുന്നു.
വിഎം ഉമ്മര്‍ മാസ്റ്റര്‍ തികഞ്ഞ പരാജയം- എം മെഹബൂബ് (പ്രതിപക്ഷം)
കൊടുവള്ളി മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ തികഞ്ഞ പരാജയമാണ്. നേരത്തെ തന്നെ റോഡ് വികസനത്തില്‍ ഉള്‍പ്പെടെ ഏറെ മുന്നേറിയ കൊടുവള്ളിയില്‍ ഭാവനാത്മകമായ ഒരു പദ്ധതി പോലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. മലയോര മേഖലയിലെ കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മണ്ഡലമാണിത്. ചെറുകിട റബ്ബര്‍ കര്ഷകരുള്പ്പെടുന്ന കാര്‍ഷിക മേഖലയെ യുഡിഎഫ് പൂര്‍ണ്ണമായും കൈവിട്ടു. രണ്ട് ഏക്കര്‍ മുതല്‍ പത്തും പതിനഞ്ചും ഏക്കര്‍ റബ്ബര്‍ കൃഷി കൊണ്ട് മാത്രം ജീവിക്കുന്ന ഇടത്തരം കുടുംബങ്ങള്‍ മണ്ഡലത്തില്‍ ധാരാളമുണ്ട്. ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താനോ എന്തെങ്കിലും ചെയ്യാനോ എംഎല്‍എ തയ്യാറായിട്ടില്ല. വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കളുടെ പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാര്യത്തില്‍ എംഎല്‍എയുടെ ഭാഗത്തു നിന്നും ഒരു പരിശ്രമം പോലും ഉണ്ടായിട്ടില്ല. മിനി സിവില്‍ സ്റ്റേഷന് വികസന നേട്ടമല്ല. യുഡിഎഫ് അവര്‍ക്കനുകൂലമായി മുനിസിപ്പാലിറ്റി വിഭജിക്കാന്‍ തീരുമാനിച്ചപ്പോള്‍ താലൂക്ക് പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ താലൂക്കിന് വേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിച്ചു. അതിനൊരു ഹെഡ് ക്വാര്‍ട്ടേഴ്സ് തുടങ്ങാന്‍ സാധിച്ചിട്ടില്ല.