നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നാദാപുരത്ത് സുരക്ഷ കര്‍ശനമാക്കി. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും പരമ്പരകളും നാദാപുരത്ത് പതിവായതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷ കര്‍ശനമാക്കിയത്. രാത്രി പൊലീസ് പെട്രോളിഗിനൊപ്പം പ്രദേശത്ത് കൂട്ടം കൂടുന്നതിനും രാത്രി വൈകി കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ബൈക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്കും ബോംബ് രാഷ്ട്രീയത്തിലേക്കും നാദാപുരം നീങ്ങുന്നത് പതിവായതിനാലാണ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എഎസ്പി ആര്. കറുപ്പസാമിയും സിഐ കെ.എസ്. ഷാജിയും അറിയിച്ചു.
ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. രാത്രി ഒന്പതിനു ശേഷമുള്ള ബൈക്ക് യാത്രയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. സംശയകരമായ സാഹചര്യത്തില്‍ ആരെ കണ്ടെത്തിയാലും അവരെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്ത് പരിശോധനയും നടത്തും. രാത്രി പത്തിനു ശേഷം കടകള്‍ തുറക്കാനും അനുവാദമില്ല.
കടത്തിണ്ണകള്‍, കലുങ്കുകള്‍, പാലങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ തമ്പടിക്കുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുക്കും. ഇപ്പോള്‍ പലയിടങ്ങളിലായി സ്ഥാപിച്ച ഫ്ലെക്സുകള്‍, പ്രചാരണ സാമഗ്രികള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ അതത് സംഘടനകള്‍ തന്നെ നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കും. നീക്കം ചെയ്യാത്തവ പൊലീസ് നീക്കംചെയ്ത് ചെലവ് പാര്‍ട്ടികളില്‍ നിന്ന് ഈടാക്കും. പൊതു സ്ഥലത്തോ വൈദ്യുതി തൂണുകള്‍ ഉള്‍പ്പെടെയുള്ളവയിലോ ഒരു പ്രചാരണ ബോര്‍ഡും സ്ഥാപിക്കരുതെന്നുള്ള നിര്‍ദേശം കര്‍ശനമാക്കും.
സാമൂഹിക മാധ്യമങ്ങള്‍ വഴി കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം പ്രചാരണം ലഭ്യമാകുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
വാഹന പരിശോധനയ്ക്ക് നാദാപുരം എസ്ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവല്‍ക്കരിച്ചു. കണ്ട്രോള് റൂം സംവിധാനം കാര്യക്ഷമമാക്കും.
സര്‍വകക്ഷി യോഗം ചേര്‍ന്ന് പൊലീസിന്റെ തീരുമാനം അറിയിച്ചതായും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊലീസിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായും എഎസ്പി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ള കാര്യം എല്ലാ രാഷ്ട്രീയ കക്ഷികളെയും അറിയിച്ച പൊലീസ് കേസുകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.