കാര്‍ഷിക കുടിയേറ്റ മേഖലയായ തിരുവമ്പാടിയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കര്‍ഷകരെ സഹായിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ നൂറ് പാലം പദ്ധതിയില്‍ 10 പാലങ്ങള്‍ തിരുവമ്പാടിയിലാണ്. ഇതില്‍ നാലെണ്ണം പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 6 എണ്ണം നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 220 കോടിയുടെ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. 160 ഓളം കോടി രൂപയുടെ റോഡ് യാഥാര്‍ത്ഥ്യമായി. അസെറ്റ് ക്രിയേഷന് ഫണ്ടായ 20 കോടിയില്‍ നിന്നും 80 ശതമാനം ഫണ്ടും വിദ്യഭ്യാസ മേഖലയിലെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനുപയോഗപ്പെടുത്തി.
മലയോര മേഖലയിലെ മറ്റൊരു പ്രധാന പ്രശ്നം കൈവശാവകാശ രേഖ ലഭിക്കാത്തതാണ്. സമരത്തിലായിരുന്ന 3500 ഓളം വരുന്ന കുടിയേറ്റ ജനതക്ക് രേഖ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുറേപേര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. അതിനുള്ള നടപടികളും നടന്നു വരുന്നു. മലബാറില്‍ അനുവദിച്ച പോളിടെക്നിക്കില്‍ ഒന്ന് മുക്കം പഞ്ചായത്തിന് ലഭിച്ചു. കൈയ്യേറ്റക്കാരുടെ കൈവശമുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയില്‍ തിരിച്ചുപിടിച്ച 10ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്കി. ഇതില്‍ അഞ്ച് ഏക്കര്‍ ഭൂമി പോളിടെക്നിക്കിന് അനുവദിച്ചു. മന്ത്രിസഭാ അംഗീകാരത്തിന് കാത്തിരിക്കുമ്പോഴാണ് വിജ്ഞാപനം വന്നത്. അന്തിമഘട്ടത്തിലാണ് പെയ്ന് ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് 5 വാഹനങ്ങള്‍ പഞ്ചായത്തിന് നല്കി. ഹൈമാസ് ലൈറ്റുകള്‍ നല്കി, സിവില്‍ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. ഫയര്‍ സ്റ്റേഷന് പ്രവൃത്തി പുരോഗമിക്കുന്നു. 50 വര്‍ഷത്തെ വികസനം 5 വര്‍ഷം കൊണ്ട് കൊണ്ടുവരാനായി. 600 ഓളം കോടിയുടെ വികസനമാണ് മണ്ഡലത്തിലെത്തിച്ചത്.
ജോര്‍ജ്ജ് എം തോമസ് (പ്രതിപക്ഷം)
തിരുവമ്പാടി മണ്ഡലത്തിലെ എലന്ത്കടവ് പാലം ഒഴികെയുള്ള മുഴുവന്‍ പാലങ്ങളും ഇടത്പക്ഷ ഭരണകാലത്ത് പ്രവൃത്തി ആരംഭിച്ചതാണ്. പ്രധാന റോഡുകളുടെ പ്രവൃത്തി എടുത്താല്‍ മാമ്പറ്റ മുക്കം ബൈപ്പാസ് റോഡ്, പുതിനയിടം, ഗോസസ് റോഡ്, തോട്ടക്കാട്, തോട്ടുമുക്കം റോഡ് ഇങ്ങനെ 6 കി. മീ. റോഡ് മാത്രമാണ് 5 വര്‍ഷക്കാലം കൊണ്ട് പുതുതായി ആരംഭിച്ച് പൂര്‍ത്തീകരിച്ചത്. മറ്റെല്ലാ റോഡുകളും ഇടത് ഭരണകാലത്ത് ആരംഭിച്ചതാണ്. ചിലതിന്റെ അനുമതി ഞാന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ വാങ്ങിയതാണ്. 102 കോടിയുടെ മുക്കം മെഗാ കുടിവെള്ള പദ്ധതിയുടെ വിശദറിപ്പേര്ട്ട് ഇടത് ഭരണകാലത്ത് നടന്നതാണ്. ഇത് തുടങ്ങാന്‍ ഒരു സ്ഥലം പോലും കണ്ടുപിടിക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞില്ല. ഒരു പുതിയ കുടിവെള്ള പദ്ധതിയും തിരുവമ്പാടിയില്‍ ആരംഭിച്ചിട്ടില്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയം, കാരശ്ശേരി, പുതുപ്പാടി പഞ്ചായത്തില്‍ ഭൂമിയുടെ രേഖകള്‍ കിട്ടാത്ത പ്രശ്നം തുടങ്ങി കര്‍ഷകരുടെ അവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് എംഎല്‍എയുടെത്. പുതിയ പോളിടെക്നിക്ക് അനുവദിച്ചെങ്കിലും വാടകകെട്ടിടത്തില് പോലും ആരംഭിക്കാനായിട്ടില്ല. തുഷാരഗിരി എന്ന മണ്ഡലത്തിലെ ടൂറിസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ആയില്ല.