Home » നമ്മുടെ കോഴിക്കോട് » മാളത്തിലേക്ക് മടങ്ങുക ഡിങ്കമത മഹാസമ്മേളനത്തില്‍ സര്‍പ്രൈസ്

മാളത്തിലേക്ക് മടങ്ങുക ഡിങ്കമത മഹാസമ്മേളനത്തില്‍ സര്‍പ്രൈസ്

കോഴിക്കോട്: നവമാധ്യമങ്ങളുടെ മാളത്തില്‍ നിന്നും ഡിങ്കമത വിശ്വാസികള്‍ പൊതുസമൂഹത്തിലേക്ക് ഒത്തുചേരുന്നു. സൈബര്‍ ലോകത്തെ കൂട്ടായ്മയില്‍ മാത്രം ആശയപ്രചരണം നടത്തിയിരുന്ന ഡിങ്കോയിസ്റ്റുകളാണ് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലും ഒത്തുചേരുന്നത്. മാര്‍ച്ച് 20 വൈകുന്നേരമാണ് വിവിധ പരിപാടികളോടെ ഡിങ്കമത മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 20 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. പ്രാര്‍ത്ഥന, ആമുഖം, കപ്പപ്പാട്ട്, ജീവന്റെ ഉല്‍പത്തി, ഡിങ്കോപനിഷത്ത് വ്യാഖ്യാനം, ചക്കയേറ്, നയപ്രഖ്യാപന, അവകാശ സമരം തുടങ്ങിയ പരിപാടികള്‍ക്കൊപ്പം ഒരു സര്‍പ്രൈസ് പരിപാടിയും ഡിങ്കമത മഹാസമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മാളത്തിലേക്ക് മടങ്ങുക എന്ന ചരിത്ര ദൗത്യത്തില്‍ പങ്കെടുത്തു കൊണ്ട് ജന ലക്ഷങ്ങള്‍ ഡിങ്ക മതം സ്വീകരിക്കുമെന്നും. ഈ സമ്മേളനം കോഴിക്കോട് നഗരത്തിന്റെ ചരിത്രം തന്നെ മാറ്റി മറിക്കുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ഡിങ്കമതത്തില്‍ നിന്നാണ് മറ്റെല്ലാ മതങ്ങളും ഉണ്ടായതെന്നാണ് സംഘാടകരുടെ അവകാശവാദം.

സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ചയായ ആക്ഷേപഹാസ്യ ആശയമാണ് ഡിങ്കോയിസം. എറണാകുളത്ത് നടന്ന ജില്ലാ മൂഷിക സമ്മേളനത്തിന് തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും ഡിങ്കോയിസ്റ്റുകള്‍ ഒത്തുചേരുന്നത്. ഡിങ്കോയിസം എന്ന വെബ്ബ്‌സൈറ്റിലൂടെ എന്തുകൊണ്ട് ഡിങ്കമതമെന്ന് പ്രചരിപ്പിക്കുന്നതിനൊപ്പം നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും ഇവര്‍ നടത്തുന്നുണ്ട്. കോഴിക്കോട് സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply