Home » പ്രകൃതി » കൃഷി » പച്ചക്കറിയിലെ വാട്ടരോഗം; പരിഹാരം ഇതാ,

പച്ചക്കറിയിലെ വാട്ടരോഗം; പരിഹാരം ഇതാ,

വിഷുവിന് വിഷം കഴിക്കാതിരിക്കാനായി  നാട്ടിലൊട്ടാകെ പച്ചക്കറി ക‍ൃഷിയിലാണ് എല്ലാവരും. എന്നാല്‍ പച്ചക്കറിയിലെ വാട്ടരോഗം കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.  ഇനിമുതല്‍ വാട്ടരോഗത്തെ ചെറുക്കാനായി ഒരു വിദ്യ കോട്ടയം പാമ്പാടി  കുറ്റിക്കലെ റെജി ആളോത്ത് എന്ന കര്‍ഷകന്‍റെ കയ്യിലുണ്ട്. നാട്ടിലെ കാലാവസ്ഥയില്‍ തക്കാളി, പച്ചമുളക്, വഴുതന ഇനങ്ങളിലാണ് വാട്ടരോഗം വ്യാപകമായി കാണുന്നത്. ഇതിനൊരു പ്രതിവിധിയെന്നോണമാണ് ഒട്ടുവിദ്യയിലൂടെ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്നത്.

ഒട്ടുവിദ്യ

വാട്ടരോഗത്തെ പ്രകൃത്യാതന്നെ പ്രതിരോധിക്കുന്ന നാടന്‍ ചുണ്ട, കാന്താരി, വഴുതന വിത്തുകള്‍ ശേഖരിച്ച് പാകി കിളിര്‍പ്പിച്ച് ഒന്നരമാസത്തോളം വളര്‍ത്തി, സമപ്രായമുള്ള അത്യുത്പാദനം നല്‍കുന്ന തൈകള്‍ മുറിച്ച് അവയില്‍ ഒട്ടിച്ചെടുക്കുകയാണ് പതിവ്.

തയ്യാറാക്കുന്ന വിധം

നാടന്‍തൈകളുടെ ചുവട്ടിലെ രണ്ടിലകള്‍ക്കുമുകളില്‍ തണ്ട് ബ്ലേഡ് ഉപയോഗിച്ച് കുറുകെ മുറിച്ചുമാറ്റി ഇവിടം താഴേക്ക് പിളര്‍ന്നെടുക്കുക.. മികച്ച ഉത്പാദനം കിട്ടുന്ന തൈകള്‍ മുറിച്ച് ചുവട് ആപ്പുപോലെ ആക്കി നാടന്‍തൈകളുടെ വിടവില്‍  കടത്തിവെച്ച് പ്രത്യേകം ക്ലിപ്പിട്ട് എട്ടുദിവസം മിസ്റ്റ് ചേംബറില്‍ സൂക്ഷിക്കുക. പൂര്‍ണമായും ഒട്ടിച്ചേര്‍ന്ന തൈകളുടെ ക്ലിപ്പ് മാറ്റി തോട്ടത്തില്‍ നേരിട്ടുനടുന്നു. സംഗതി റെഡി.

ശക്തിയോടെ വളരുന്ന ഈ ഒട്ടുതൈകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പൂക്കള്‍ ഉണ്ടായിത്തുടങ്ങും. രണ്ടുവര്‍ഷംവരെ വാട്ടരോഗമൊന്നും ബാധിക്കാതെ വിളവുതരികയും ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

അഞ്ചുവര്‍ഷമായി രണ്ടേക്കര്‍ സ്ഥലത്ത് പയര്‍, പച്ചമുളക്, പടവലം, തക്കാളി, വഴുതന തുടങ്ങിയവ ധാരാളം കൃഷിചെയ്തുവരുന്ന റെജി ആളോത്ത് ഇവയുടെ മികച്ച തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കിവരുന്നു. തോട്ടത്തിലെത്തുന്ന കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകളുടെ ഒട്ടുസാങ്കേതികവിദ്യയില്‍ പരിശീലനവും നല്‍കിപോരുന്നുണ്ട്.

Leave a Reply