കോഴിക്കോട്: മാലിന്യം വഹിച്ച് ദുര്‍ഗന്ധം വമിക്കുന്ന കനോലി കനാല്‍ മുഖം മിനുക്കി സുന്ദരിയാവാന്‍ ഒരുങ്ങുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നഗരത്തിലെ മാലിന്യം മുഴുവന്‍ വഹിച്ച് നാശത്തിന്റെ വക്കിലെത്തിയ കനാല്‍ വൃത്തിയാക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്. കോട്ടൂളി ചെറോട്ട് മേഖലയിലെ കനാലിലെ മാലിന്യം നീക്കം ചെയ്ത് നവീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉടന്‍ എസ്റ്റിമേറ്റ് തയാറാക്കും.
കനാല്മൂലം ദുരിതമനുഭവിക്കുന്ന ചെറോട്ട് , മേയന, തച്ചാറയ്ക്കല് പ്രദേശങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. രൂക്ഷമായ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന മാലിന്യം കനാലില്‍ നിറഞ്ഞതും പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് സംഘം വിലയിരുത്തി. മൈനര്‍ ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള കനാലിലെ മലിനജലം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ ഗൗരവം കണക്കിലെടുത്താണ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബാബു തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്.
കനാല്‍ വൃത്തിയാക്കി ഒഴുക്ക് വര്‍ധിപ്പിക്കുക, ഇടിഞ്ഞുപോയ ഭിത്തി കെട്ടുക, കനോലി കനാലില്‍ മലിനജലം കയറുന്നത് തടയുക തുടങ്ങിയ നടപടികള്‍ക്കുള്ള എസ്റ്റിമേറ്റായിരിക്കും ഉണ്ടാക്കുക. തിരഞ്ഞെടുപ്പു വിജ്ഞാപനം പിന്‍വലിച്ചതിനു ശേഷം നടപടികള്‍ ആരംഭിക്കും.