കനത്ത വേനലായതോടെ ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്ക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍സമയം ഏപ്രില്‍ 30 വരെ പുന;ക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിറക്കി.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിച്ചുള്ളതാണ് ഉത്തരവ്. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി ക്രമീകരിച്ചു. മറ്റ് ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം. സെക്യൂരിറ്റി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെയിലേല്‍ക്കാതെ ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കാനും നിര്‍ദേശമുണ്ട്.
ജില്ലയില്‍ പലയിടങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരുടെ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പ്രവൃത്തികള്‍ പൂര്‍ണമായി നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പൊതുജനതാല്പര്യം മുന്‍നിര്‍ത്തി 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് തീരുമാനം.