Home » മറുകാഴ്ച » ചരിത്രം വിചിത്രം » പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

പ്രവാചക പത്നിമാരോളം മനക്കരുത്ത് പുരുഷന്മാർക്കുണ്ടോ?

സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ എന്നും, പ്രതിസന്ധികളിൽ തകരാതെ മനക്കരുത്തോടെ നിൽക്കാൻ പുരുഷനു മാത്രമേ കഴിയൂ എന്നും കരുതുന്നവർക്ക്   ഇസ്ലാമിന്റെ സ്ത്രീപക്ഷം പറഞ്ഞുതരുന്നു പ്രവാചകപത്നിമാരായ കദീജയും ആഇശയും.

പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമപത്നിയും പത്നിമാരിൽ നബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു കദീജ. മക്കയിലെ വ്യാപാര പ്രമുഖയായ കദീജയുടെ കീഴിൽ ഒരു സഹായി എന്ന നിലയ്ക്ക് തൊഴിലിലേർപ്പെട്ടിരുന്ന ആളായിരുന്നു പ്രവാചകൻ. വ്യാപാരം എന്നു മാത്രമല്ല മക്കയിലെത്തന്നെ ഏറ്റവും സ്വാധീനമുള്ള ഒരു സ്ത്രീരത്നമായിരുന്ന കദീജയ്ക്ക് നാൽപതും പ്രവാചകന് ഇരുപത്തിയഞ്ചും വയസുള്ളപ്പോഴാണ് ഇവർ വിവാഹിതരായത്. മുഹമ്മദിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം കഴിക്കുകയുമായിരുന്നു.

മുഹമ്മദിന്റെ പ്രവാചകത്വം ആരാലും അംഗീകരിക്കപ്പെടാതിരിക്കുകയും സമൂഹത്തിൽനിന്ന് വിമർശനങ്ങൾ ഉയരുകയും ചെയ്തപ്പോൾ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നത് കദീജയായിരുന്നു. മുഹമ്മദിന്റെ പ്രവാചകത്വം ആദ്യമായി അംഗീകരിച്ചതും കദീജയാണ്. പിന്നീട് എല്ലാ പ്രതിസന്ധികളിലും അവർ പ്രവാചകന് കരുത്തായി വർത്തിച്ചു.

കദീജയുടെ മനക്കരുത്തും പക്വതയും പ്രവാചകൻ തന്നെ എടുത്തു പറയുന്നുണ്ട്. നബി പറഞ്ഞതിങ്ങനെയാണ്: “എനിക്ക് കദീജയേക്കാള്‍ നല്ല ഭാര്യയെ ലഭിച്ചിട്ടില്ല. എല്ലായ്പ്പോഴും അവര്‍ എന്നെ സഹായിക്കുകയും കരുത്തേകുകയും ചെയ്തു.” ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിലാണ് ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നത്.

WOMEN-IN-ISLAM

കദീജയുടെ മരണശേഷം മൂന്ന് വർഷം കഴിഞ്ഞാണ് പ്രവാചകൻ ആഇശയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്. ആഇശയുടെ മടിയില്‍ കിടന്നാണ് പ്രവാചകൻ ഈ ലോകത്തോട്‌ വിട പറഞ്ഞത്.

ആഇശാ ബീവി കുലീനയും ധീരയുമായിരുന്നു, കുടുംബിനിയായിരുന്നു, ബുദ്ധിമതിയും പണ്ഡിതയുമായിരുന്നു. ബദരിലും ഉഹ്ദിലും ഖന്തക്കിലും ആഇശാ ബീവിയുണ്ടായിരുന്നു. ദൈവിക മാര്‍ഗ്ഗത്തിലെ ജീവിതവും മരണവും അവര്‍ കണ്ടു. പ്രവാചകന് ശേഷം ഒട്ടകപ്പുറത്തേറി ഒരു യുദ്ധം നയിക്കുകയും ചെയ്ത ധീരവനിതയാണ് ആഇശ.

ഇസ്ലാം മതവിശ്വാസികൾക്ക് ഖുർആനോളം തന്നെ പ്രധാനമാണ് ഹദീസുകളും. പ്രവാചകചര്യകളായ ഹദീസുകളാണ് മതവിശ്വാസികൾക്ക് മാർഗനിർദ്ദേശമേകുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. പ്രധാനപ്പെട്ട ഹദീസുകളിൽ ഏറിയപങ്കും ആഇശാ ബീവിയുടേതാണ്. പ്രവാചകന് ശേഷം പലരും തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ആശ്രയിച്ചിരുന്നതും ആയിഷാ ബീവിയെയായിരുന്നു. ഇസ്ലാമിനാധാരമാണ് ആഇശയുടെ ഹദീസുകൾ എന്നു വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

ഇത്രയും മനക്കരുത്തും പാണ്ഡിത്യവുമുള്ള സ്ത്രീരത്നങ്ങൾ ഇസ്ലാം മതത്തിലുണ്ടായിട്ടും സ്ത്രീകൾക്ക് പ്രസവിക്കാനും കുട്ടികളെ നോക്കാനും മാത്രമേ അറിയൂ അവർ മനക്കരുത്തില്ലാത്തവരാണ് എന്നു പറയുന്നവർ ഇസ്ലാമിനെ ഒന്നുകൂടി മനസ്സിലാക്കണമെന്നു പറയേണ്ടിവരും!

Leave a Reply