നാല് പതിറ്റാണ്ടിലേറെയായി ലീഗ് മത്സരിച്ചുവരുന്ന കുന്ദമംഗലം മണ്ഡലത്തില്‍ നിന്ന് ലീഗ് വിടുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയും സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കവും കാരണമാണ് മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കൈവിടുന്നത്. കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി നല്കാന് ലീഗും കോണ്‍ഗ്രസുമായി ധാരണയിലായി.
കാലങ്ങളായി സംവരണ മണ്ഡലമായിരുന്ന കുന്ദമംഗലം 2011ലാണ് ജനറല്‍ സീറ്റായി മാറിയത്. ഇത്തവണ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, ഫിറോസിനെതിരെ ഒരുവിഭാഗം സുന്നി നേതാക്കളും യൂത്ത് ലീഗ് ഭാരവാഹികളില്‍ ഒരുവിഭാഗവും രംഗത്തത്തെിയതോടെ നേതൃത്വം ആശങ്കയിലായി. പകരം തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും തീരുമാനമായില്ല. മണ്ഡലത്തിലെ പല നേതാക്കളും സ്ഥാനാര്‍ഥിത്വത്തിന് ചരടുവലി നടത്തിയെങ്കിലും പൊതു അംഗീകാരം ആര്‍ക്കും ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് മണ്ഡലം വെച്ചുമാറുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നത്. കഴിഞ്ഞതവണ കുന്ദമംഗലത്ത് പി.ടി.എ. റഹീമിനോട് മത്സരിച്ച് തോറ്റയാളും രണ്ടുതവണ എം.എല്‍.എയുമായ യു.സി. രാമനെ ബാലുശ്ശേരിയില്‍ പരിഗണിക്കാനാണ് നീക്കം.