വേനല്‍കാലത്ത് പൊരിവെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാരെ വെള്ളം കുടിപ്പിക്കാന്‍ ഡിജിപി രംഗത്ത്. ചൂടു കൂടിയ സാഹചര്യത്തില്‍ പൊലീസുകാരെ വെള്ളം കുടിപ്പിക്കണമെന്നാണ് ഡിജിപി സെന്‍കുമാര്‍ ഇറക്കിയ പുതിയ സര്‍ക്കുലര്‍ പറയുന്നത്. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രാവിലെ 10 മുതല്‍ വൈകിട്ടു നാലുവരെയുള്ള സമയത്തു നാലു പ്രാവശ്യമെങ്കിലും വെള്ളം അല്ലെങ്കില്‍ നാരങ്ങാവെള്ളം നല്‍കണമെന്നതാണ് സര്‍ക്കുലറില്‍ ഡിജിപി പറയുന്നത്.
സംസ്ഥാനത്തു താപനില വളരെയധികം കൂടിയ സാഹചര്യത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കു സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ പൊലീസുകാരുടെ സുരക്ഷയ്ക്കായാണു വെള്ളം നല്‍കുന്നതെന്നും കഠിനമായ സൂര്യാതപം നിലനില്‍ക്കുന്ന സമയങ്ങളില്‍ മാത്രമാണു വെള്ളവും നാരങ്ങാവെള്ളവും നല്‍കേണ്ടതെന്നും എഡിജിപി, ഐജി, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കു കൈമാറിയ സര്‍ക്കുലറില്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളം, നാരങ്ങാവെള്ളം എന്നിവ നല്‍കുന്നതിന്റെ പണം പൊലീസിന്റെ ക്ഷേമകാര്യ ഫണ്ടില്‍നിന്നു വിനിയോഗിക്കാം. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം.
