Home » നമ്മുടെ കോഴിക്കോട് » ഗോത്രകലയുടെ മണവും രുചിയുമറിയാന്‍ കിര്‍ത്താഡ്‌സിലെത്തൂ…

ഗോത്രകലയുടെ മണവും രുചിയുമറിയാന്‍ കിര്‍ത്താഡ്‌സിലെത്തൂ…

കോഴിക്കോട്: ഗോത്രവര്‍ഗക്കാരുടെ പാരമ്പര്യ കലകളെയും രുചിയെയും നേരിട്ടറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനി കാടുകയറേണ്ട. പ്രകൃതിയോട് ഇണിങ്ങി മെരുക്കി പോരാടി ജീവിതം മെനഞ്ഞെടുത്ത ഗോത്രവര്‍ഗങ്ങളുടെ കലയെയും ഭക്ഷണത്തെയും വൈദ്യ സമ്പ്രദായങ്ങളെയും കരകൗശല വിദ്യകളെയും അടുത്തറിയാന്‍ കോഴിക്കോട് കിര്‍ത്താഡ്‌സ് ക്യാംപസില്‍ എത്തിയാല്‍ മതി. കിര്‍ത്താഡ്‌സില്‍ ഒരുക്കിയ സംസ്ഥാനതല ഗോത്രമേള സൊദോധിമിയില്‍ ഗോത്രകലകളും വൈദ്യവും രുചിഭേദങ്ങളുമെല്ലാം കാണികളെ ക്ഷണിക്കുകയാണ്.

അഞ്ചു ദിവസത്തെ മേളയില്‍ വംശീയ വൈദ്യ ചികിത്സാ ക്യാംപ്, വംശീയ ഭക്ഷണമേള, കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മാണ പ്രദര്‍ശന വില്‍പ്പന മേള, പരമ്പരാഗത ഗോത്രകലാരൂപങ്ങളുടെ അവതരണം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. രാഗി പഴംപൊരി, രാഗി പൊക്കവട, രാഗി ഉപ്പുമാവ്, ചേമ്പ് തുടങ്ങിയ കിഴങ്ങുകളുടെ പുഴുക്ക്, മുളയരി പായസം, ചുക്കുകാപ്പി തുടങ്ങി പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന ഭക്ഷണങ്ങളാണ് വംശീയ ഭക്ഷ്യമേളയെ സമ്പന്നമാക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രങ്ങളില്‍ നിന്നായി വിദഗ്ധരായ ഒന്‍പത് വൈദ്യന്മാരും അവരുടെ സഹായികളും എത്തിയിട്ടുണ്ട്.

ഓരോ പട്ടികവര്‍ഗ വിഭാഗത്തിനുമുള്ള തനത് ചികിത്സാ സമ്പ്രദായം മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കുന്ന മരുന്നാവിക്കുളി മുതല്‍ ശ്വാസകോശ രോഗങ്ങള്‍, നീര്‍ക്കെട്ട്, വാതരോഗങ്ങള്‍, അലര്‍ജി തുടങ്ങി പലവിധ അസുഖങ്ങള്‍ക്കുള്ള ആയുര്‍വേദ, പ്രകൃതി ചികിത്സ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിദത്തമായ മണ്ണ്, മുള, പുല്ല്, മരം തുടങ്ങിയവകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ മേളയില്‍ വച്ചു തന്നെ നിര്‍മിക്കുന്നു. അവയുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ട്. കണ്ണാടിപ്പായ, പുല്‍പ്പായ, പനമ്പ് കൊട്ട, വട്ടി, പ്രത്യേക പുല്ലുകൊണ്ടുള്ള ധാന്യക്കൊട്ട, മുറം തുടങ്ങി കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നതും ഉപയോഗപ്രദവുമായ കരകൗശലസാധനങ്ങളും മേളയിലുണ്ട്.

എല്ലാ ദിവസവും വൈകിട്ട് ആറിനു പാരമ്പര്യ കലാമേള ആരംഭിക്കും. ചോനന്‍കളി, പണിയ നൃത്തം, ഇരുള നൃത്തം, നാടന്‍ പാട്ടുകള്‍ ഉശ്‌റാട്ട, വട്ടക്കളി, കാട്ടുനായ്ക്ക നൃത്തം, പണിയ നൃത്തം, ഗദ്ദിക, മംഗലംകളി, പുറമാടിയാട്ടം, കൊറഗ നൃത്തം തുടങ്ങിയ കലാരൂപങ്ങളും വിവിധ ദിവസങ്ങളിലായി മേളയില്‍ അവതരിപ്പിക്കുന്നുണ്ട്. മേള 27 നു സമാപിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെയാണ് മേള.

Leave a Reply