മുഖം മിനുക്കാനും മുടി മുറിക്കാനും ഇനി തടവുകാരും രംഗത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേർന്നാണ് തടവുകാരുടെ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നത്.
തളിപ്പറമ്പ് റുഡ്സെറ്റിന്റെ സഹകരണത്തോടെ ഒരു മാസത്തോളമായി തടവുകാര്‍ക്ക് ബ്യൂട്ടിഷ്യന് കോഴ്സില്‍ പരിശീലനം നല്കി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവരെ ഉപയോഗിച്ച് ജയിലിന് പുറത്തുള്ള കെട്ടിടത്തിലാണ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുക.
ഇവിടെ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഹെയര്‍ കട്ടിങ്, ഫേഷ്യല്‍, ഷേവിങ്, ഹെന്ന എന്നീ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. ബ്യൂട്ടിഷ്യന് കോഴ്സ് പൂര്‍ത്തിയാക്കിയ 30 അന്തേവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജയിലില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് പ്രത്യേക യൂണിറ്റ് ആരംഭിക്കും. അന്തേവാസികള്‍ വരച്ച ചുവര്‍ചിത്രങ്ങളും ഗ്ളാസ്, മരം എന്നിവയില്‍ തയാറാക്കിയ കരകൗശല വസ്തുക്കളും ജയിലിന് പുറത്ത് പ്രദര്‍ശിപ്പിച്ച് വില്പന നടത്താനും പദ്ധതിയുണ്ട്.