കോഴിക്കോട് ജില്ലയിലെ ജൈവപച്ചക്കറി കൃഷിക്കാര്‍ക്ക് വിപണന മേഖലയില്‍ കൈതാങ്ങാവാന്‍ ഗ്രീന്‍വ്യൂ ജൈവകര്‍ഷക പരിസ്ഥിതിക്കൂട്ടായ്മ എത്തുന്നു. രാസവളവും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷി വ്യാപകമായെങ്കിലും ഈ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനുള്ള കാര്യത്തില്‍ കര്‍ഷകര്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ജൈവകൃഷിയ്ക്ക് പ്രോത്സാഹനവും ഏകോപനവും നല്കിയ ഗ്രീന്‍വ്യൂ ഉല്പന്നങ്ങള് സംഭരിക്കാന്‍ മുന്നോട്ടു വന്നത്.
ജൈവകര്‍ഷകരുടെ കൃഷിയിടം ഗ്രീന്‍വ്യൂ അംഗങ്ങള്‍ നേരിട്ടെത്തി പരിശോധന നടത്തി ജൈവരീതിയിലാണോ കൃഷി ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കും. ജൈവകൃഷിയാണെങ്കില്‍ കൃഷിയിടത്തിലെ ഉത്പാദനത്തിന് ഗ്രീന്‍ കാര്‍ഡ് നല്‍കും.
തുടര്‍ന്ന് ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഉല്പന്നങ്ങളും ഗ്രീന്‍വ്യൂ വാങ്ങും. ജില്ലയിലെ ഓരോ വീട്ടുവളപ്പിലും ടെറസുകളിലും വീട്ടമ്മമാര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ വീട്ടാവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്നവയും ഗ്രീന്‍വ്യൂ സംഭരിക്കും.
കര്‍ഷകര്‍ക്ക് ന്യായവില നല്കി സംഭരിക്കുന്ന ജൈവ പച്ചക്കറികളും പഴങ്ങളും നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം മൊത്തവിലയ്ക്കു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതതു ദിവസം പറിച്ചെടുക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ റസിഡന്റ്സ് അസോസിയേഷനുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ അംഗങ്ങള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ എത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.