ഇനി വയര്‍ നിറയെ മനസറിഞ്ഞ് ഭക്ഷണം കഴിക്കാം എന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍. വിഷം കുത്തിനിറച്ച പച്ചക്കറികളാണ് തീന്മേശയില് വിഭവങ്ങളാകുന്നതെന്ന പേടിയില്ലാതെ വിഷുവിന് സദ്യ ഉണ്ണാം. കാരണം വിഷവിമുക്ത പച്ചക്കറികള്‍ക്കായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട കൂട്ടായ്മകള്‍ വന്‍ വിളവെടുപ്പാണ്നടത്തികൊണ്ടിരിക്കുന്നത്. വിഷു ലക്ഷ്യമിട്ട് ആരംഭിച്ച ശീതകാല വിളകളെല്ലാം നേരത്തെ തന്നെ വിളഞ്ഞ് പാകമായതോടെയാണ് വിളവെടുപ്പും വില്‍പ്പനയും തുടങ്ങിയത്. നാടന്‍ പച്ചക്കറികള്‍ വ്യാപകമായി വന്നുതുടങ്ങിയതോടെ പൊതുവിപണിയില്‍ പച്ചക്കറിക്ക് വിലയും കുറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം ജില്ലാ കൃഷിവകുപ്പ് 1846 ഹെക്ടര്‍ സ്ഥലത്ത് 19022 ടണ്‍ പച്ചക്കറി ഉത്പാദനമായിരുന്നു ലക്ഷ്യമിട്ടത്. സി.പി.എം. നേതൃത്വം നല്കുന്ന ജനകീയ ജൈവപച്ചക്കറികൃഷി സമിതി ഇത്തവണ 642 ഏക്കറിലും കൃഷി നടത്തി. വിളവെടുപ്പ് ആരംഭിച്ചതോടെ 13 ഇടങ്ങളില്‍ വില്‍പ്പനശാലകളും തുടങ്ങി. ഏപ്രില്‍ 10, 11, 12 തിയ്യതികളില്‍ മൊത്തം 70 കേന്ദ്രങ്ങളില്‍ പച്ചക്കറി വില്‍പ്പന ഉണ്ടാകും.
കഴിഞ്ഞ വര്‍ഷം 150 ഏക്കറില്‍ മാത്രമായിരുന്നു ജനകീയ ജൈവപച്ചക്കറികൃഷി സമിതിയുടെ കൃഷി. 1075 ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ചു. ഇത്തവണ ഉത്പാദനം 5000 ടണ്‍ എങ്കിലും ആകുമെന്നാണ് പ്രതീക്ഷ.
വിവിധ ബാങ്കിന്റെ കീഴിലുള്ള ഫാര്‍മേര്‍സ് ക്ലബ്ബുകള്‍, കുടുംബശ്രീ, ജനശ്രീ, പുരുഷ സ്വയംസഹായസംഘങ്ങള്‍, ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തിലെല്ലാം സംഘടിതമായി പച്ചക്കറികൃഷിയും വില്‍പ്പനയും നടക്കുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ വിളവെടുക്കുമ്പോള്‍ തന്നെ ആളുകള്‍ വന്ന് പച്ചക്കറി വാങ്ങിപ്പോകുന്നുമുണ്ട്. അടുക്കള തോട്ടവും വ്യാപകമായതോടെ ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയ്ക്ക് മാത്രമായി കടകളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.