Home » കലാസാഹിതി » 75ാം വയസിലും ചിലമ്പണിഞ്ഞ് ദാറൂട്ടി പണിക്കര്‍

75ാം വയസിലും ചിലമ്പണിഞ്ഞ് ദാറൂട്ടി പണിക്കര്‍

എട്ടാം വയസ്സില്‍ അണിഞ്ഞ ചിലമ്പ് 75ാം വയസ്സിലും ദാറൂട്ടി പണിക്കറുടെ കാലുകളില്‍ നിന്നും കിലുങ്ങുകയാണ്. കാലമെത്ര കഴിഞ്ഞിട്ടും പിഴക്കാത്ത താളവും തെറ്റാത്ത അനുഷ്ഠാനവും ആരാധനാമൂര്‍ത്തികളിലുള്ള അടിയുറച്ച വിശ്വാസവുമാണ് ദാറൂട്ടി പണിക്കര്‍ എന്ന കോലധാരിയുടെ സമ്പാദ്യം. 75ാം വയസിലും വിശ്രമമില്ലാതെ കാവുകളിലും ക്ഷേത്രസന്നിധികളിലും തെയ്യമായി നിറഞ്ഞാടുകയാണ്.

എട്ടാം വയസില്‍ ആടിവേടനായാണ് കോട്ടയം കൂവ്വപ്പാടിയിലെ എം. ദാറൂട്ടി പണിക്കര്‍ മനുഷ്യന്‍ ദൈവമാകുന്ന മലബാറിന്റെ അനുഷ്ഠാന കലയെ തന്നിലേക്ക് ആവാഹിച്ച് തുടങ്ങിയത്. 13ാം വയസില്‍ കോട്ടയം രാജകഴകമായ ശ്രീകോലാവില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ട് ദൈവകിതയുടെ പൂര്‍ണതയിലേക്കുള്ള തുടക്കം കുറിച്ചു.

കൂവ്വപ്പാടി മടപ്പുര, ചടയത്ത് മടപ്പുര, തവരക്കാവ്, ആനോളി ക്ഷേത്രം മണ്ടേങ്കാവ് എന്നിവിടങ്ങളില്‍ കരിംകുട്ടി ശാസ്തപ്പന്‍, ഗുളികന്‍ എന്നീ തെയ്യങ്ങളും കെട്ടിയാടി. നുള്ളിങ്കണ്ടി, പൈക്കാട് കുട്ടിച്ചാത്തന്‍ മഠം എന്നിവിടങ്ങളില്‍ വസൂരിമാല, ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടി.

കോട്ടയം മാതുക്കാവില്‍ കൈതചാമുണ്ഡി തെയ്യം കെട്ടിയാടാന്‍ തുടങ്ങിയതുമുതലുള്ള കോലധാരിയാണ് ദാറൂട്ടി പണിക്കര്‍. കോലാധാരിയായി നിറഞ്ഞാടി ആര്‍പ്പുവിളികളുയര്‍ത്തുന്ന ഭക്തര്‍ക്കൊപ്പം ക്ഷേത്രത്തില്‍നിന്നും വളരെ ദൂരത്തോളം നടന്നുപോയി കൈതച്ചെടി പിഴുതെടുത്ത് തിരിച്ചുവരുന്നതാണ് ഈ തെയ്യത്തിന്റെ പ്രധാന ചടങ്ങ്.
അസുരനെ നിഗ്രഹിച്ച് ചുമലിലേറ്റ് കൊണ്ടുവരുന്നതായാണ് ഇതിന്റെ സങ്കല്‍പം. ഓണേശ്വരന്‍, കരുവാള്‍ ഭഗവതി, മലംകുറത്തി തുടങ്ങിയ കലാരൂപങ്ങളും ദാറൂട്ടി പണിക്കര്‍ കെട്ടിയാടാറുണ്ട്. 2012ലെ നാടന്‍കലാ അക്കാദമി ഫെലോഷിപ്പ് ജേതാവ് മരണപ്പെട്ട കോട്ടയം ബാലന്‍ പണിക്കരുടെ സഹോദരന്‍ കൂടിയാണ് ദാറൂട്ടി പണിക്കര്‍. അച്ഛന്റെ പാതയില്‍ മകന്‍ വൈശാഖും കാലില്‍ ചിലമ്പണിഞ്ഞിട്ട് വര്‍ഷങ്ങളായി.

Leave a Reply