മീനച്ചൂടില്‍ തൊണ്ട വരളുന്ന നഗരത്തിന് സ്നേഹത്തിന്റെ ദാഹ ജലം പകരുകയാണ് കോഴിക്കോട്ടെ വ്യാപാരികള്‍. കുടിനീര് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരത്തിലെത്തി ദാഹിച്ചു വലയുന്നവര്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതാണ് വ്യാപാരികളുടെ ഉദ്ദേശ്യം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റും ജീവന് ജ്യോതി ജെയിന് ടെമ്പിള്‍ വുമണ്‍സ് വലിയങ്ങാടിയുടേയും നേതൃത്വത്തില്‍ വലിയങ്ങാടിയിലും പരിസരത്തും എത്തുന്നവര്‍ക്കാണ് കുടിക്കാന്‍ യഥേഷ്ടം സംഭാരം ലഭിക്കുക. രാവിലെ 11 മണിമുതല്‍ വെയിലിന്റെ കാഠിന്യം അവസാനിക്കുന്നതു വരെ ഒരുമാസത്തോളം ഈ സൗജന്യ സംഭാര വിതരണം നടക്കുമെന്ന് സംഘാടകര്‍ പറയുന്നു. പദ്ധതി വിജയമാകുമെങ്കില് വേനല്‍ ചൂട് കുറയുന്നതുവരെ സംഭാര വിതരണം തുടരണമെന്നും സംഘാടകര്‍ക്ക് ആഗ്രഹമുണ്ട്.
