Home » നമ്മുടെ കോഴിക്കോട് » ബേപ്പൂര്‍- ലക്ഷദ്വീപ് കപ്പല്‍ യാത്ര: പരിശോധനയ്ക്കായി ബേപ്പൂരില്‍ സുരക്ഷാപരിശോധന കേന്ദ്രം ഒരുങ്ങുന്നു

ബേപ്പൂര്‍- ലക്ഷദ്വീപ് കപ്പല്‍ യാത്ര: പരിശോധനയ്ക്കായി ബേപ്പൂരില്‍ സുരക്ഷാപരിശോധന കേന്ദ്രം ഒരുങ്ങുന്നു

ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധിക്കുന്നതിനു ബേപ്പൂര്‍ തുറമുഖത്ത് സുരക്ഷാ പരിശോധനകേന്ദ്രം ഒരുങ്ങുന്നു. തുറമുഖ കവാടത്തിലെ പഴയ പാര്‍ക്കിങ് സ്ഥലത്താണ് 43.5 ലക്ഷം രൂപ ചെലവിട്ട് മൂന്നു നില കെട്ടിടം പരിശോധനയ്ക്കായി നിര്‍മ്മിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടത്തിന്റെ പൈലിംഗ് ജോലികള്‍ നടക്കുകയാണ്. ഇന്റര്‍നാഷനല്‍ ഷിപ്‌സ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി കോഡിനു (ഐഎസ്പിഎസ്) കീഴില്‍ ബേപ്പൂര്‍ തുറമുഖം നിരോധിത മേഖലയാവുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സംവിധാനം വിപുലപ്പെടുത്തുന്നത്. ഐഎസ്പിഎസ് ചട്ടപ്രകാരം നേരത്തേ തുറമുഖ ചുറ്റുമതില്‍ ഉയരം കൂട്ടുകയും നിരീക്ഷണ ക്യാമറകള്‍, ഇലക്ട്രോണിക് ബാരിക്കേഡ്, വയര്‍ലെസ് സെറ്റ്, നൈറ്റ് വിഷന്‍ ഗ്ലാസ്, ബൈനോക്കുലര്‍, വാഹനങ്ങളുടെ അടിവശം പരിശോധിക്കുന്ന കണ്ണാടി എന്നിവയും തുറമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്.

1700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള സെക്യൂരിറ്റി ചെക്കിങ് സെന്ററില്‍ താഴത്തെ നിലയിലാകും കപ്പല്‍ യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷാ പരിശോധന നടത്തുക. ഒന്നാം നിലയില്‍ തുറമുഖ ജീവനക്കാരുടെ വിശ്രമ കേന്ദ്രവും ഏറ്റവും മുകളില്‍ നിരീക്ഷണ ഗോപുരവും പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. തുറമുഖ വാര്‍ഫില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌റേ സ്‌കാനിങ്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവയുപയോഗിച്ചുള്ള പരിശോധനകള്‍ ഇതോടെ പുതിയ സ്ഥലത്തേക്കു മാറും. കോസ്റ്റല്‍ ഷിപ്പിങ് പദ്ധതിയില്‍ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ എത്തുന്നതു മുന്നില്‍ക്കണ്ടു തുറമുഖ കവാടം മാറ്റിസ്ഥാപിക്കാനും പദ്ധതിയുണ്ട്. പ്രവേശന കവാടം പുനര്‍നിര്‍മിക്കുന്നതിനു 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി തുറമുഖ വകുപ്പ് അനുമതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply