Home » നമ്മുടെ കോഴിക്കോട് » പ്രചാരണത്തിന് ഇറങ്ങിയ ജീവനക്കാരെ പിരിച്ചു വിട്ടു; കോഴിക്കോട് കളക്ടര്‍ക്ക് എതിരെ എംപി

പ്രചാരണത്തിന് ഇറങ്ങിയ ജീവനക്കാരെ പിരിച്ചു വിട്ടു; കോഴിക്കോട് കളക്ടര്‍ക്ക് എതിരെ എംപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ കോഴിക്കോട് കലക്ടര്‍ക്കെതിരെ എംപി രംഗത്ത്. എംപിയുടെ ശുപാര്‍ശയില്‍ കലക്ടറേറ്റില്‍ താല്‍കാലിക ഡ്രൈവര്‍മാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് കളക്ടര്‍ പ്രശാന്തിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിനു വ്യക്തമായ തെളിവുള്ളതിനാലാണു പിരിച്ചു വിട്ടതെന്ന് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളക്ടര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിരിച്ചുവിട്ട ജീവനക്കാര്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെന്നും എംപിയോടുള്ള വിരോധം തീര്‍ക്കാനാണു ഇവരെ പിരിച്ചുവിട്ടതെന്നുമാണ് എംപിയുടെ ഓഫീസ് പറയുന്നത്. പിരിച്ചുവിട്ടവരില്‍ ഒരാള്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടില്ല. രണ്ടാമത്തെയാള്‍ക്ക് രാഷ്ട്രീയ ബന്ധം പോലുമില്ലെന്നും എംപിയുടെ ഓഫീസ് അറിയിച്ചു. കലക്ടറേറ്റില്‍ കയറി സിപിഎംഎം ജില്ലാ സെക്രട്ടറി പി. മോഹനനും എ. പ്രദീപ് കുമാര്‍ എംഎല്‍എയും ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയിട്ടു നടപടിയെടുക്കാത്ത കലക്ടര്‍ വെറും ആരോപണത്തിന്റെ പേരില്‍ എന്‍ജിഒ അസോസിയേഷന്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തെന്നും എംപി ആരോപിച്ചു. ഇടതുപക്ഷത്തോടാണ് പ്രശാന്തിന് താത്പര്യമെന്ന് നേരത്തെ എംപി ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലാ വരണാധികാരിയായ കളക്ടര്‍ക്ക് അധികാരം വര്‍ദ്ധിച്ചു. ഇത് യഥാവിധി വിനിയോഗിക്കുന്നതാണ് പ്രശാന്തിനെതിരെ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വരാന്‍ കാരണം. കളക്ടര്‍ക്കെതിരെ സംസാരിക്കുന്നവരെ റിയല്‍ എസ്റ്റേറ്റ് മാഫിയകളും മണല്‍ മാഫിയകളുമാക്കി താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് എംപി പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോയാല്‍ നടപടിയെടുക്കുമെന്ന് തന്നെയാണ് കളക്ടറുടെ നിലപാട്. നിയമം പഠിച്ചിട്ടാണു നടപടിയെടുത്തതെന്നു കളക്ടര്‍ പറയുന്നു.

Leave a Reply