Home » നമ്മുടെ കോഴിക്കോട് » മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ; വഞ്ചനെയന്ന് എ പ്രദീപ് കുമാര്‍

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ ; വഞ്ചനെയന്ന് എ പ്രദീപ് കുമാര്‍

നൂറ്റാണ്ടുകളുടെ പഴക്കവും ഒരു നാടിന്റെ വെളിച്ചമായി പ്രവര്‍ത്തിക്കുകയും ചെയ്ത കോഴിക്കോട് മലാപ്പറമ്പ് എയ്ഡഡ് സ്‌കൂള്‍ ഇനി ഓര്‍മ്മയിലേക്ക്. അനാദായകരമായ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി. സ്‌കൂള്‍ മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതാണ് സ്‌കൂളിന്റെ അടച്ചുപൂട്ടലിലേക്ക് എത്തിച്ചത്. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂള്‍ രാത്രിയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത് വലിയ വിവാദമായിരുന്നു.
മലാപ്പറമ്പ് സ്‌കൂളിന്റെ കാര്യത്തില്‍ വിദ്യഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കോടതിവിധി നടപ്പിലാക്കാനുള്ള നടപടികളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
അതേസമയം മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള പുതിയ ഉത്തരവിനു പിന്നില്‍ സര്‍ക്കരിന്റെ വഞ്ചനാപരമായ നിലപാടാണെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. സ്‌കൂള്‍ സംരക്ഷിക്കണമന്ന് ഉറപ്പ് നല്‍കിയവര്‍ തന്നെയാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനും കൂട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്തി നേരിടുമെന്നും സ്‌കൂള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത കോടതിയെ നിയമപരമായി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും എംഎല്‍എ കൂ്ടിച്ചേര്‍ത്തു.
2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളികള്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ചതില്‍ പ്രതിഷേധിച്ച്
വിവിധ അധ്യാപക, വിദ്യാര്‍ഥി സംഘടനകളും, സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ നേത്യത്വത്തില്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണുണ്ടായത്. സ്‌കൂളിന് പുനര്‍ജന്മം നല്‍കിയത് വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ആശ്വാസ്യമായിരുന്നു.

Leave a Reply